ജിജി ലൂക്കോസ്
തിരുവനന്തപുരം: കെപിസിസി, ഡിസിസി പുനഃസംഘടനയെ ചൊല്ലി സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ തുടങ്ങിയ പോര് പുതിയ തലത്തിലേക്ക്.
പുനഃസംഘടന വിഷയത്തിലുണ്ടായ പ്രശ്നം ആസൂത്രിത നീക്കമാണെന്നും അതിനു പിന്നിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലാണെന്നും ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ രംഗത്തെത്തിയതോടെയാണ് പാർട്ടിയിൽ പുതിയ നീക്കങ്ങൾക്കു തുടക്കമായിരിക്കുന്നത്.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവരാണ് സുധാകരനൊപ്പം ചേർന്ന് വേണുഗോപാലിനെതിരേയുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുന്നിൽ നിർത്തി പുതിയ ഗ്രൂപ്പുണ്ടാക്കി മുതിർന്ന നേതാക്കളെ അപ്രസക്തരാക്കാൻ വേണുഗോപാൽ ശ്രമിക്കുന്നെന്നാണ് ഇവരുടെ ആരോപണം.
പരിധി വിട്ടാൽ കൈകാര്യം ചെയ്യേണ്ടി വരും
നിലവിലുള്ള പ്രശ്നങ്ങൾക്കു പിന്നിൽ രമേശ് ചെന്നിത്തലയാണെന്നു സൂചന നൽകി വി.ഡി. സതീശൻ രംഗത്തെത്തി. സുധാകരനെയും തന്നെയും തെറ്റിക്കാൻ ശ്രമം നടത്തുന്നു.
ഇപ്പോൾ ഒരു പണിയുമില്ലാതായ ചിലരാണ് കുത്തിത്തിരിപ്പിനു പിന്നിൽ. നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ് അവർ. എല്ലാ പരിധിയും വിട്ടുപോയാൽ ഇതു കൈകാര്യം ചെയ്യേണ്ടി വരുമെന്നും സതീശൻ ഒരു മാധ്യമത്തോടു പറഞ്ഞു.
പുനഃസംഘടന വിഷയത്തിലുള്ള തർക്കങ്ങൾ പരിഹരിച്ചു വരുന്നതായും സതീശൻ വ്യക്തമാക്കി. പട്ടിക രണ്ട് ദിവസത്തിനകം പുറത്തുവിടും.
പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എംപിമാർ കത്തയച്ചതിൽ തെറ്റില്ല. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്നും സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ ഇന്നു തന്നെ സുധാകരനുമായി സതീശൻ ചർച്ച നടത്തുമെന്നാണ് സൂചന.
സമവായം കഴിഞ്ഞു; ഇനി പട നീക്കം
എംപിമാർ കത്തയച്ചതു ചൂണ്ടിക്കാട്ടിയാണ് ഡിസിസി, കെപിസിസി ഭാരവാഹികളുടെ പുനഃസംഘടന നടപടികൾ ഹൈക്കമാൻഡ് തടഞ്ഞത്. ഇത് എംപിമാരെ കൊണ്ടു വേണുഗോപാൽ ചെയ്യിച്ചതായാണ് കെപിസിസി പ്രസിഡന്റ് അടക്കമുള്ളവർ ആരോപിക്കുന്നത്.
എംപിമാർ, എംഎൽഎമാർ അടക്കമുള്ള എല്ലാവരോടും ചർച്ച നടത്തിയതാണെന്നും പട്ടിക തയാറാക്കുന്നത് അന്തിമ ഘട്ടത്തിലെത്തി നിൽക്കേ അത് തടഞ്ഞത് തന്നെ അപമാനിക്കുന്നതാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു നോക്കുകുത്തിയായി ഇരിക്കാനില്ലെന്നും ഇത്തരം ഇടപെടലുകളുമായി മുന്നോട്ടു പോയാൽ താൻ സ്ഥാനത്തുണ്ടാവില്ലെന്നും സുധാകരൻ എഐസിസി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
ഇതേ രീതിയിലുള്ള നിലപാട് തന്നെയാണ് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള ചില മുതിർന്ന നേതാക്കളും മുന്നോട്ടു വെച്ചിരിക്കുന്നത്. സുധാകരനു പിന്തുണ നൽകി വേണുഗോപാലിന്റെ ഗ്രൂപ്പ് നീക്കങ്ങൾക്കു തടയിടാനാണ് ഇവരുടെ ശ്രമം.
സുധാകരൻ നേരത്തെ സതീശനും വേണുഗോപാലിനും ഒപ്പമായിരുന്നെങ്കിലും തനിക്കെതിരേ നീക്കം നടന്നതു കണക്കിലെടുത്തു മറുപക്ഷത്തേക്കു മാറുകയായിരുന്നു.
അതിനിടെ, നേരത്തെയുള്ള പ്രശ്നങ്ങൾക്ക് ഒത്തുതീർപ്പുണ്ടാക്കി കെ. മുരളീധരൻ രമേശ് ചെന്നിത്തലയുമായി ചേർന്നത് ഈ നീക്കങ്ങൾക്ക് കൂടുതൽ ശക്തി പകർന്നിട്ടുണ്ട്.
ഇതോടെ, പുനഃസംഘടന വിഷയത്തിൽ താത്കാലിക വെടിനിർത്തൽ ഉണ്ടാകുമെങ്കിലും സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പ് നീക്കങ്ങൾ പുതിയ തലത്തേക്കു എത്തുമെന്നാണ് സൂചന.