കോട്ടയം: കോൺഗ്രസ് മുമ്പെങ്ങുമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് കൂപ്പൺ പിരിവുമായി കെപിസിസി. കൂപ്പൺ അടിച്ച് ഉടൻ തന്നെ വിതരണം ചെയ്യും.
പ്രദേശികാടിസ്ഥാനത്തിലായിരിക്കും പിരിവ് നടത്തുക. പ്രചാരണത്തിനു പോകുന്ന പ്രവർത്തകർക്ക് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. കൂപ്പൺ അടിച്ച് ബൂത്ത് തലം വരെ നൽകി പണം പിരിക്കാമെന്ന നിർദ്ദേശം നേതാവ് വി. ഡി. സതീശൻ മുന്നോട്ടുവച്ചതായാണ് വിവരം.
എഐസിസിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചതോടെ ദേശീയതലത്തിൽ നിന്നും ഫണ്ട് ലഭിക്കില്ല. പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നുള്ള എഐസിസി തീരുമാനത്തിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം. ഇതിന് പിന്നാലെ ചേർന്ന കെപിസിസി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി യോഗത്തിലാണ് കൂപ്പൺ അടിച്ച് പണപിരിവ് നടത്തുന്നതിന് തീരുമാനമായത്.
സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല, വി. ഡി. സതീശൻ, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം. എം. ഹസൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.