ന്യൂഡൽഹി: കെപിസിസി പുനഃസംഘടന പട്ടികയിൽ വർക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടിയതിൽ ഹൈക്കമാൻഡിന് അതൃപ്തി. ആറ് പേരുടെ പട്ടികയാണ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെപിസിസി നൽകിയത്. പട്ടിക നൽകിയ ശേഷവും നേതാക്കളെ വീണ്ടും ഹൈക്കമാൻഡ് ചർച്ചക്ക് വിളിച്ചു.
കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് ഇത്രയും വർക്കിംഗ് പ്രസിഡന്റുമാർ എന്തിനാണെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആരാഞ്ഞു. ഹൈക്കമാൻഡ് എതിർപ്പറിയിച്ച പശ്ചാത്തലത്തിൽ ഇന്നും ചർച്ച തുടരും.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ബുധനാഴ്ച രാത്രി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന് 120 പേരുടെ അന്തിമ പട്ടിക സമർപ്പിച്ചത്.
പ്രസിഡന്റിനും ട്രഷറർക്കും ആറ് വർക്കിംഗ് പ്രസിഡന്റുമാർക്കും പുറമേ 13 വൈസ് പ്രസിഡന്റുമാർ, 36 ജനറൽ സെക്രട്ടറിമാർ, 70 സെക്രട്ടറിമാർ എന്നിവർ അവസാന പട്ടികയിലുണ്ടെന്നാണു സൂചന.