ന്യൂഡൽഹി: കെപിസിസി ഭാരവാഹിപ്പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ആറ് വർക്കിംഗ് പ്രസിഡന്റുമാർ, അഞ്ച് വൈസ് പ്രസിഡന്റുമാർ, 30 ജനറൽ സെക്രട്ടറിമാർ, 60 സെക്രട്ടറിമാർ, ഒരു ട്രഷറർ എന്ന നിലക്കാണ് നിലവിലെ പട്ടിക. ഇങ്ങനെ വരുമ്പോൾ പട്ടിക 100ലേറെപ്പേരുള്ള ജംബോ പട്ടികയാകാനാണ് സാധ്യത.
അതേമയം, പട്ടിക വെട്ടിച്ചുരുക്കിയില്ലെങ്കിൽ രാജി വയ്ക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഈ പട്ടിക വെട്ടിച്ചുരുക്കാനാണ് ഗ്രൂപ്പ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. പട്ടിക വെട്ടിച്ചുരുക്കാൻ സഹകരിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം ഗ്രൂപ്പ് നേതാക്കൾ മുഖവിലക്കെടുത്തില്ലെന്നാണ് വിവരം.
ഒരാഴ്ച്ചയായി നടക്കുന്ന ചർച്ചകളിൽ അന്തിമ തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് ഹൈക്കമാൻഡ് രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും തലസ്ഥാനത്തേക്ക് വിളിപ്പിച്ചത്. ജനറൽ സെക്രട്ടറി പദത്തിലേക്ക് ഇരു ഗ്രൂപ്പും 14 വീതം പേരുകളാണ് കൈമാറിയത്.
ഇതിനൊപ്പം സെക്രട്ടറിമാർ, വർക്കിംഗ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ എന്നിവർ കൂടി ചേരുന്നതോടെ ഭാരവാഹി പട്ടികയിലെ അംഗങ്ങളുടെ എണ്ണം 100ന് അടുത്തേക്ക് ഉയരും.