സുല്‍ത്താന്‍ബത്തേരി: സപ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന കെപിസിസി ലീഡേഴ്സ് മീറ്റില്‍ ഉച്ചകഴിഞ്ഞ് 2.30ന് രാഹുല്‍ഗാന്ധി ഓണ്‍ലൈനില്‍ പങ്കെടുക്കും. രാഷ്ട്രീയ നയരൂപീകരണ ചര്‍ച്ചകള്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പിനെ വിജയകരമായി നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനും സംഘടിപ്പിച്ച ദ്വിദിന ലീഡേഴ്സ് മീറ്റിന് വൈകുന്നേരം നാലിനാണ് സമാപനം.
പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തേണ്ട പ്രതിഷേധപരിപാടികള്‍ക്കും മീറ്റ് രൂപം നല്‍കും. കോണ്‍ഗ്രസിനെ കൂടുതല്‍ ജനകീയവും കെട്ടുറപ്പുള്ളതുമാക്കുന്നതിനുള്ള പരിപാടികള്‍ക്കു ലീഡേഴ്സ് മീറ്റില്‍ രൂപം നല്‍കിയതായും വിശദവിവരം വൈകുന്നേരം കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുമെന്നും വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് പറഞ്ഞു.
പാര്‍ട്ടി പുനഃസംഘടനയില്‍ ഇന്നത്തെ ചര്‍ച്ചകളില്‍ ഏകദേശ ധാരണയുണ്ടാകുമെന്നാണ് സൂചന. പുനഃസംഘടനയുമായി ചിലര്‍ നിസഹകരിക്കുകയാണെന്നു മീറ്റിന്റെ പ്രഥമദിനത്തില്‍ കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തുകയുണ്ടായി.
പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ അധ്യക്ഷ പദവിയില്‍ തുടരില്ലെന്നും പാര്‍ട്ടിയെ പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് മീറ്റില്‍ പങ്കെടുക്കുന്ന സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ഐഎസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവര്‍ അര്‍ഹിക്കുന്ന ഗൗരവത്തില്‍ എടുത്തതായാണ് വിവരം.
പാര്‍ട്ടി അധ്യക്ഷപദവിയില്‍ മാറ്റം ഉണ്ടാകുന്നതിന്റെ സൂചനയായി സുധാകരന്റെ പ്രസംഗത്തെ വിലയിരുത്തുന്നവര്‍ നേതാക്കള്‍ക്കിടയിലുണ്ട്. എന്നാല്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ലെന്നാണ് കെപിസിസി നേതാക്കളില്‍ ഒരാള്‍ പ്രതികരിച്ചത്.
ഒന്നിച്ചുനിന്നില്ലെങ്കില്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയില്ലെന്ന ബോധ്യം നേതാക്കളില്‍ ഉണ്ടായതായും അദ്ദേഹം പറഞ്ഞു.