സ്വന്തം ലേഖകൻ
തൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കും പിറകേ, നിയമസഭയിലേക്കും തെരഞ്ഞെടുപ്പു വരാനിരിക്കേ, കെപിസിസി ഭാരവാഹികളുടെ നിയമനം രണ്ടു ദിവസത്തിനകം. കെപിസിസി ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരടക്കം തൊണ്ണൂറോളം പേരുടെ പട്ടികയാണ് എഐസിസിയുടെ മുന്നിലുള്ളത്.
കേരളത്തിലെ ഗ്രൂപ്പു നേതാക്കൾ മൂന്നുതവണ സമർപ്പിച്ച പട്ടികകൾ എഐസിസി തള്ളിയിരുന്നു. ആദ്യം നൽകിയത് 140 പേരുടെ പട്ടികയായിരുന്നു. പിന്നീട് 117 പേരുടെ പട്ടിക നൽകി.
എണ്പതു പേരിൽ കവിയരുതെന്ന് എഐസിസി നേതൃത്വം നിർദേശിച്ചതനുസരിച്ച് ഗ്രൂപ്പുകളെല്ലാം ഭാരവാഹികളുടെ പേരുകൾ വെട്ടിക്കുറച്ചാണ് സമർപ്പിച്ചിരിക്കുന്നത്.
രണ്ടു വർഷം മുന്പ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലയേറ്റശേഷം കെപിസിസി ഭാരവാഹി നിയമനം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
എ, ഐ ഗ്രൂപ്പുകൾ നൽകിയ ജംബോ ഭാരവാഹി പട്ടികയോട് ആദ്യമേ മുല്ലപ്പള്ളിതന്നെ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ 12 വൈസ് പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരും ട്രഷററും അടക്കം 47 അംഗ ഭാരവാഹികളെ നിയമിച്ചിരുന്നു.
എഐസിസി നേതൃനിരയിൽ അഴിച്ചുപണി പൂർത്തിയാക്കിയതിനു പിറകേയാണ് കെപിസിസി അടക്കം ഭാരവാഹി നിയമനങ്ങൾ പൂർത്തിയാക്കാത്ത സംസ്ഥാനങ്ങളിലെ ഒഴിവുകൾ നികത്തുന്നത്.
കെപിസിസി ഭാരവാഹി നിയമനത്തിനു കഴിഞ്ഞ വർഷം നവംബർ മുതൽ പട്ടിക തയാറാക്കുന്നതാണ്. നവംബറിൽ ഏതാനും ഭാരവാഹികളെ നിയമിച്ചു. ഈ വർഷം ജനുവരിയിൽ നൽകിയ പട്ടികയിൽനിന്നു ഭാഗിക നിയമനം മാത്രമാണു നടത്തിയത്.
കഴിഞ്ഞ മാസവും പട്ടിക നൽകിയെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. പകരം തൃശൂർ, കോഴിക്കോട് ജില്ലാ പ്രസിഡന്റുമാരെ നിയമനം നടത്തി. തൃശൂർ ജില്ലാ പ്രസിഡന്റു സ്ഥാനം ഒറു വർഷത്തോളമായി ഒഴിഞ്ഞുകിടന്ന സ്ഥിതിയായിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നവംബർ 12 നു മുന്പ് പുതിയ ഭരണസമിതി ചുമതലയേൽക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. അതിനാൽ തെരഞ്ഞെടുപ്പു നവംബർ ആദ്യവാരത്തിൽ നടത്താനാണു സാധ്യത. മേയ് മാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പും വരും.
തെരഞ്ഞെടുപ്പുകൾക്കു മുന്പേ പാർട്ടിയേയും പ്രവർത്തകരേയും സജ്ജമാക്കാനാണ് ഇപ്പോഴെങ്കിലും ഭാരവാഹി നിയമനം പൂർത്തിയാക്കുന്നത്. കേരളത്തിലെ ചൂടുള്ള രാഷ്ട്രീയ സംഭവ വികാസങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ ബിജെപി അവസരം മുതലാക്കുമെന്ന വിലയിരുത്തലും നേതൃത്വത്തിന് ഉണ്ട്.