തിരുവനന്തപുരം: നീണ്ട നാളത്തെ അഭ്യൂഹങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ കെപിസിസി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പട്ടികയെച്ചൊല്ലി കോണ്ഗ്രസ് പാർട്ടിയിൽ വീണ്ടും അഭിപ്രായവ്യത്യാസങ്ങൾ ഉയരുന്നു.
ചർച്ച വേണമായിരുന്നു
കെപിസിസി ഭാരവാഹി പട്ടികയിൽ അതൃപ്തി പരസ്യമായി വ്യക്തമാക്കി കെ.മുരളീധരൻ രംഗത്ത് വന്നു.പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്നും ചർച്ച നടന്നിരുന്നുവെങ്കിൽ അനുയോജ്യരല്ലാത്തവരെ ഒഴിവാക്കാമായിരുന്നുവെന്നും അച്ചടക്കം പാലിക്കുന്നതിനാൽ കുടുതൽ പ്രതികരിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
മുൻ കെപിസിസി പ്രസിഡന്റുമാരോട് കുടുതൽ ചർച്ചയാകാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടികയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തർക്ക വിഷയമാക്കേണ്ട
പട്ടികയെ തർക്ക വിഷയമാക്കരുതെന്ന് കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. താൻ തർക്കത്തിനില്ലെന്നും ഭാരവാഹി പട്ടികയെ എല്ലാവരും പോസീറ്റിവായി കാണണം. തർക്കവിഷയമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എഐസിസിയുടെ തീരുമാനത്തെ ചോദ്യം ചെയ്യരുതെന്നാണ് തന്റെ അഭിപ്രായം. എല്ലാവരും പട്ടികയെ അംഗീകരിച്ചുവെന്നാണ് കരുതുന്നത്. ചെറിയ പ്രശ്നങ്ങൾ വരുംദിവസങ്ങളിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
അതേ സമയം പാർട്ടിയിൽ കലാപമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കി. പട്ടികയെ ചൊല്ലി അസംതൃപ്തി ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി ആസ്ഥാനത്തെത്തിയ ശേഷം എല്ലാ നേതാക്കളുമായും നേരിൽ കണ്ട ് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കെപിസിസിയിലെ ജംബോ കമ്മിറ്റിയെ ചുരുക്കിയ തീരുമാനം സ്വാഗതാർഹമാണെന്ന അഭിപ്രായമാണ് ഒരു വിഭാഗം മുതിർന്ന നേതാക്കൾ വ്യക്തമാക്കുന്നത്.
തുടർച്ചയായി ഭാരവാഹിയായിരുന്നവരെ ഒഴിവാക്കി പുതിയ ആൾക്കാർക്ക് അവസരം നൽകിയതും ആർക്കും പ്രത്യേകം ഇളവ് നൽകാതിരുന്നതും ശുഭ ലക്ഷണമായാണ് ചില നേതാക്കൾ പറയുന്നത്.
സാമുദായിക സമവാക്യങ്ങളും ജില്ലാ പ്രാതിനിധ്യവും കണക്കിലെടുത്തുള്ളതാണ് പുതിയ ഭാരവാഹി പട്ടികയെന്നും ഒരു വിഭാഗം പറയുന്പോൾ അർഹരായ പല നേതാക്കൾക്കും സ്ഥാനം നൽകാത്തതിൽ മറുവിഭാഗത്തിനുള്ള അമർഷം പരസ്യമായും രഹസ്യമായും പലരും ഉയർത്തുന്നുണ്ട്. അച്ചടക്ക നടപടി ഭയന്ന് പലരും മൗനം പാലിക്കുകയാണ്.