തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ കെപിസിസി മാർഗരേഖ പുറത്തിറക്കി. പാർട്ടിയുടെ സംസ്ഥാനത്തെ 282 ബ്ലോക്ക് കമ്മിറ്റികൾക്കാണ് ഒൻപത് പേജുള്ള മാർഗരേഖ അയച്ചിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും പിന്നാലെ അടുത്തവർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടി അധികാരത്തിലെത്താനുള്ള ശ്രമങ്ങൾക്ക് ഒറ്റക്കെട്ടായി എല്ലാവരും പ്രവർത്തിക്കണമെന്നാണ് കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഉടൻതന്നെ അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.
മറ്റ് പാർട്ടികളിലെ അസ്വസ്ഥരായി നിൽക്കുന്ന പ്രവർത്തകരെ കോണ്‍ഗ്രസിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ബൂത്ത് തലം മുതൽ മുകൾ തട്ട് വരെയുള്ള നേതാക്കൾ സോഷ്യൽ മീഡിയയിൽ സജീവമാകണമെന്നും പാർട്ടി ആശയങ്ങൾ പ്രചരിപ്പിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.
പാർട്ടിപരിപാടികളിൽ സജീവമല്ലാത്ത ഭാരവാഹികളുടെ പേര് വിവരങ്ങൾ നൽകാൻ അതാത് ജില്ലാ നേതൃത്വം കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകണം. മേയ് മാസത്തിൽ ബൂത്ത് പ്രസിഡന്റുമാരെ പങ്കെടുപ്പിച്ച് മഹാപഞ്ചായത്ത് എന്ന പരിപാടി സംഘടിപ്പിക്കാനും കെപിസിസി നേതൃത്വം ഉദ്ദേശിക്കുന്നു.
സംസ്ഥാനത്തെ 1,498 മണ്ഡലം കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ മികച്ച പ്രവർത്തനവുമായി നേതാക്കളും പ്രവർത്തകരും മുന്നോട്ട് പോകണമെന്നാണ് നിർദേശം. പാർട്ടിക്ക് സ്വന്തം നിലയിലോ വാടകയ്ക്കോ ബ്ലോക്കിലെ പ്രധാന സ്ഥലത്ത് ഒരു ഓഫീസ് ഉണ്ടായിരിക്കണം.
കേബിൾ കണക്ഷനോട് കൂടിയ ടിവിയും ഇന്റർനെറ്റ് കണക്ഷനോട് കൂടിയ കംപ്യൂട്ടറും പാർട്ടി മുഖപത്രവും ഓഫീസിൽ നിർബന്ധമായും വേണം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് സ്വന്തമായി മെയിൽ ഐഡി ഉണ്ടായിരിക്കണം, അക്കൗണ്ട് റജിസ്റ്റർ നിർബന്ധമായും സൂക്ഷിക്കണം എന്നീ നിർദേശങ്ങളുമുണ്ട്.
ബ്ലോക്ക് തലത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാകണമെന്നും സംഘടനാ കാര്യങ്ങൾക്കു വേണ്ടിയുള്ള ഗ്രൂപ്പിൽ മറ്റു കാര്യങ്ങൾ ഫോർവേഡ് ചെയ്യരുതെന്നും നിർദേശമുണ്ട്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ മറ്റ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ മുതിർന്ന നേതാക്കളെ ഇടപെടുത്തി അത് ഒഴിവാക്കാൻ പറയണം.
അതിനു കഴിഞ്ഞില്ലെങ്കിൽ നിമയപരമായ നടപടികളിലേക്ക് നീങ്ങണം. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾക്ക് ഉണ്ടായിരിക്കണമെന്നും മാർഗരേഖ നിർദേശിക്കുന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നിർദേശാനുസരണം കെപിസിസി ജനറൽ സെക്രട്ടറിയാണ് മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്.