തിരുവനന്തപുരം: പാര്‍ട്ടി ഏല്പിക്കുന്ന ചുമതല കൃത്യമായി നിര്‍വഹിക്കാത്ത കെപിസിസി ഭാരവാഹികളെ ഒഴിവാക്കാന്‍ ധാരണ. ജില്ലകളുടെയും പോഷക സംഘടനകളുടെയും ചുമതല നല്‍കിയിട്ടുള്ള കെപിസിസി ഭാരവാഹികള്‍ വീഴ്ച വരുത്താതെ കാര്യങ്ങള്‍ നിര്‍വഹിച്ചില്ലെങ്കില്‍ ഒഴിവാക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
കെപിസിസി ഭാരവാഹികളുടെ യോഗത്തിലാണ് ഇത്തരത്തില്‍ ധാരണയായത്. അച്ചടക്ക ലംഘനം പാര്‍ട്ടിയില്‍ ഒരുതരത്തിലും അനുവദിക്കില്ലെന്നു പ്രസിഡന്റ് ആവര്‍ത്തിച്ചു. എന്നാല്‍, വിവാദ വിഷയങ്ങളില്‍ പ്രധാന നേതാക്കള്‍ ചര്‍ച്ച നടത്തി ഏകാഭിപ്രായം രൂപീകരിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്കു പാര്‍ട്ടിയുടെ നിലപാടു വ്യക്തമാക്കി നല്കാന് വാര് റൂമുകള്‍ സജ്ജീകരിക്കും. വിവാദ വിഷയങ്ങളില്‍ അടക്കം പാര്‍ട്ടിയുടെ അഭിപ്രായം വാര് റൂമുകളില്‍ നിന്നു ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്കു നല്‍കാനും യോഗത്തില്‍ ധാരണയായി.