തിരുവനന്തപുരം: നവകേരള സദസിന്റെ മാതൃകയിൽ പ്രഭാത യോഗങ്ങൾ സംഘടിപ്പിക്കാൻ കെപിസിസി നേതൃത്വം. കെപിസിസി സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥയായ സമരാഗ്നിയിൽ ആണ് പ്രഭാഗ യോഗങ്ങൾ സംഘടിപ്പിക്കുക. എല്ലാദിവസവും രാവിലെ വാർത്താ സമ്മേളനം ഉണ്ടാകും.
ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റും പങ്കെടുക്കും. രേവന്ത് റെഡി, സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ തുടങ്ങിയവരും സമരാഗ്നിയുടെ ഭാഗമാകും. ഫെബ്രുവരി 9 ന് കാസർകോട് ജാഥയ്ക്ക് തുടക്കം കുറിക്കും. കെ സി വേണുഗോപാൽ സമരാഗ്നി ഉദ്ഘാടനം ചെയ്യും. സമരാഗ്നി പര്യടനം 27 ന് തലസ്ഥാനത്ത് അവസാനിക്കും.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേര്‍ന്നാണ് സമരാഗ്നി സംസ്ഥാന ജാഥ നയിക്കുന്നത്. മൂന്നോ നാലോ മണ്ഡലങ്ങള്‍ക്ക് ഒരു പരിപാടി എന്ന നിലയ്ക്ക് ജാഥ സംഘടിപ്പിക്കാനാണ് തീരുമാനം. അവശ വിഭാഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും സർക്കാർ അവഗണിച്ചവരെ കേൾക്കുമെന്നും നേതൃത്വം അറിയിച്ചു. തൊഴിലാളി വിഭാഗങ്ങളുമായി ചർച്ച നടത്തും. ഇന്നു മുതല്‍ ജില്ലാതലങ്ങളിൽ സംഘാടക സമിതി രൂപീകരണം തുടങ്ങും. 32 പൊതുസമ്മേളനങ്ങളാണ് ഉണ്ടാവുക.