തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരൻ തന്നെയെത്തുമെന്ന് സൂചന. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ട് സുധാകരന് അനുകൂലമാണ്.
നേരത്തെ തെരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി പഠിക്കാൻ നിയോഗിക്കപ്പെട്ട അശോക് ചവാൻ സമിതി കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര് നിർദേശിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് താരിഖ് അൻവർ റിപ്പോർട്ട് നൽകിയത്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിന്റെ പേരും ഉയർന്നു വന്നെങ്കിലും ഹൈക്കമാൻഡ് സുധാകരന് അനുകൂലമായി തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. രണ്ടു ദിവസത്തിനുള്ളിൽ കെപിസിസി പ്രസിഡന്റ് ആരെന്ന് പ്രഖ്യാപിക്കും.
റോജി എം ജോണും പരിഗണനയിൽ
അതേസമയം കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനൊപ്പം റോജി എം ജോണിന്റെ പേരും ഹൈക്കമാൻഡ് പരിഗണിക്കുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥിസംഘടനയായ എന്‍ എസ് യുവിൽ രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് ഏർപ്പെടുത്തിയ ശേഷം ആദ്യമായി അദ്ധ്യക്ഷനായ ആളാണ് റോജി എം ജോണ്‍. രാഹുൽ ഗാന്ധിക്ക് അടുപ്പമുള്ള നേതാവ് കൂടിയാണ് റോജി.
കെ പി സി സി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഗ്രൂപ്പ് നേതാക്കളുമായുള്ള സമവായ ചർച്ചകൾ ഹൈക്കമാൻഡ് പൂർത്തിയാക്കിരുന്നു.
ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ കേരള്തതിലേക്കു വരാതെ ടെലിഫോണിലൂടെയായിരുന്നു താരിഖ് അൻവർ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തിയത്.
ചർച്ചയിൽ ഗ്രൂപ്പ് നേതാക്കൾ ആരുടേയും പേരുകൾ ഒന്നും നിർദ്ദേശിച്ചില്ലെന്നാണ് സൂചന. അധ്യക്ഷനെ പ്രഖ്യാപിച്ച ശേഷം ജില്ല പ്രസിഡന്റുമാർ അടക്കം താഴെ തട്ടിലും സമഗ്രമായ അഴിച്ചു പണി നടത്തും.