തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ നിലവിലുള്ള പ്രസിഡന്റ് കെ. സുധാകരൻ കടുത്തനീരസത്തിൽ. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നടത്തുന്ന അനൗപാരിക ചർച്ചകൾ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നതിലുള്ള തന്റെ അതൃപ്തി സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഫോണിൽ വിളിച്ച് കെ. സുധാകരൻ അറിയിച്ചതായാണു വിവരം.
ഇതുതന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന വികാരമാണ് സുധാകരനുള്ളത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചുതൂങ്ങാൻ താനില്ലെന്ന് വ്യക്തമാക്കിയ സുധാകരന് തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വാർത്ത പരക്കുന്നതിലും അതൃപ്തി പ്രകടിപ്പിച്ചു. അതേസയം, പ്രസിഡന്റ് സ്ഥാനത്ത് സുധാകരൻ തുടരുന്നതിലുള്ള നീരസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു സുധാകരൻ മാറാൻ നിർബന്ധിതനായാൽ അടൂർ പ്രകാശ് എംപിയെ കെപിസിസി പ്രസിഡന്റാക്കുന്നതിനുള്ള ചർച്ചകളാണ് ഡൽഹിയിൽ നടക്കുന്നതെന്നു സൂചനയുണ്ട്. സാമുദായിക പരിഗണന കണക്കിലെടുത്താണ് അടൂർ പ്രകാശിനെ പരിഗണിക്കുന്നത്. മികച്ച നേതൃപാടവവും എൽഡിഎഫിന്റെ കോട്ട പിടിച്ചെടുത്ത് വിജയം നേടിയ പ്രവർത്തനവുമാണ് അടൂർ പ്രകാശിനെ പരിഗണിക്കാൻ ഇടയായിരിക്കുന്നത്.
കെ.സി. വേണുഗോപാലുമായും ഹൈക്കമാൻഡുമായി നല്ല ബന്ധമാണ് അടൂർ പ്രകാശിനുള്ളത്. ഇതെല്ലാം അടൂരിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്. ഇതിനിടെ കെ. മുരളീധരനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ പാർട്ടിയിലെ ഒരുവിഭാഗം ശ്രമം നടത്തുന്നുണ്ട്. പഴയ എ ഗ്രൂപ്പുകാർ ബെന്നി ബഹനാനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തി കൊണ്ടുവരാനുള്ള നീക്കങ്ങളും നടത്തുന്നു.
എന്നാൽ കോണ്‍ഗ്രസിലെ വിവിധ ചേരികൾക്ക് മുരളീധരനോടും ബെന്നിയോടും വലിയ താത്പര്യമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. സതീശൻ പക്ഷത്തിന് ആന്റോ ആന്റണി പ്രസിഡന്റ് ആയി വരുന്നതിനോടു താത്പര്യമുള്ളതായും അറിയുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് പത്ത് മാസം മാത്രം അവശേഷിക്കെ അതുവരെ പ്രസിഡന്റ് സ്ഥാനത്ത് സുധാകരൻതന്നെ തുടരണമെന്ന് വാദിക്കുന്നവരും കോണ്‍ഗ്രസിലുണ്ട്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായാൽ മാത്രം സുധാകരനെ മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കാവൂ എന്നും ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നു. അതിനിടെ കെപിസിസി പ്രസിഡന്റിനെ മാറ്റുകയാണെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നു വി.ഡി. സതീശനെയും മാറ്റണമെന്ന് സുധാകരനെ അനുകൂലിക്കുന്ന നേതാക്കൾ ആവശ്യം ഉയർത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രിസ്ഥാന തർക്കത്തിലും ആഭ്യന്തര പ്രശ്നങ്ങളിലും യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനും കടുത്ത അതൃപ്തിയുണ്ട്. കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ ചർച്ചകളിലൂടെ അടിയന്തരമായി പരിഹരിക്കണമെന്നാണ് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ഷിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
യുഡിഎഫിലെ മറ്റ് ഘടകകക്ഷികളായ ആർഎസ്പിയും കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ഉൾപ്പെടെയുള്ളവരും നിലവിലെ കോണ്‍ഗ്രസിലെ തർക്കത്തിൽ അസ്വസ്ഥരാണ്. പുതിയ കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, എ.കെ. ആന്റണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എം. ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ്, പി.ജെ. കുര്യൻ എന്നിവരുടെ അഭിപ്രായങ്ങൾ നിർണായകമാകും. ഈ നേതാക്കളിൽ ഭൂരിഭാഗം പേരും അടൂർ പ്രകാശിനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനോട് യോജിപ്പുള്ളവരാണെന്നാണു ലഭിക്കുന്ന വിവരം.
- എം. സുരേഷ്ബാബു