തിരുവനന്തപുരം: മുന്നോക്ക സംവരണത്തിനെതിരെയുള്ള മുസ്ലിം ലീഗിന്റെ എതിർപ്പ് കോൺഗ്രസിൽ ചിന്താക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നതിനിടെ ഈ വിഷയത്തിൽ നിലപാട് തീരുമാനിക്കാൻ കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി ചേരുന്നു.
ദേശീയ തലത്തിൽ കോൺഗ്രസ് സംവരണത്തെ അനുകൂലിക്കുന്പോൾ സംസ്ഥാനത്ത് മുസ്ലിം ലീഗിന്റെ നിലപാട് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. പിന്നോക്ക സംഘടനകളെ കൂടെക്കൂട്ടി പ്രതിഷേധിക്കാനുള്ള തയ്യാറെടുപ്പിലാണ് മുസ്ലിം ലീഗ്.
ദേശീയ നിലപാടിനെ തള്ളാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനാവില്ല. അതേസമയം മുസ്ലിം ലീഗിന്റെ നിലപാട് കണ്ടില്ലെന്ന് നടിക്കാനുമാവില്ല. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്നും എന്നാലത് പിന്നാക്കവിഭാഗങ്ങളുടെ സംവരണം കുറച്ചുകൊണ്ടാകരുതെന്നുമാണ് കോൺഗ്രസിന്റെ മുന്പേയുള്ള നിലപാട്.
നിലവിലുള്ള സംവരണത്തെ ഒരുതരത്തിലും ബാധിക്കാത്തവിധമായിരിക്കും സാമ്പത്തിക സംവരണം നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആകെ സീറ്റിന്റെ പത്തുശതമാനം വരെ സാമ്പത്തിക സംവരണത്തിനായി നീക്കിവയ്ക്കാമെന്നാണ് കേന്ദ്ര നിയമം.
മുന്നോക്ക സംവരണ വിഷയത്തിൽ യുഡിഎഫിനെതിരെ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.
കേരളത്തിൽ യുഡിഎഫ് മുന്നണിയുടെ രാഷ്ട്രീയ സ്വഭാവത്തിന് മങ്ങലേറ്റിട്ടുണ്ടോയെന്നും അഭിപ്രായം പറയാനാവാത്ത വിധം യുഡിഎഫ് ദുർബലമായോ എന്നും ആർച്ച് ബിഷപ് ചോദിക്കുന്നു. ഇന്നു വൈകിട്ട് മൂന്നിനാണ് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗം ചേരുന്നത്.