പാപ്പനംകോട് രാജൻ
തിരുവനന്തപുരം : നൂറുകണക്കിന് വേദികളിൽ ചെങ്കൊടിപിടിച്ച് അരങ്ങുതകർത്ത കെ.പി.എ.സി. ശാന്തിയുടെ ജീവിതം ദുരന്തനാടകം പോലെ. ആയിരത്തിലധികം വേദികളിൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ നായിക മാലയ്ക്ക് വേഷ പകർച്ച നൽകിയ ശാന്തിയാണ് ജീവിതം കൂട്ടിമുട്ടിക്കുവാൻ പെടാപാടുപ്പെടുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിലധികമായി ശാന്തിയുടെ അച്ഛൻ നാരായണൻ നായർ (61) നട്ടെല്ല് തകർന്ന് കിടപ്പിലാണ്. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന നാരായണൻ നായർ ജോലിക്കിടെ രണ്ടാം നിലയിൽ നിന്നും വീണാണ് കിടപ്പിലായത്.
മൂന്നുവർഷങ്ങൾക്ക് മുന്പ് അമ്മ മരിച്ചു. സ്വന്തമായിയുണ്ടായിരുന്ന വീട് അച്ഛന്റെ ചികിത്സയ്ക്കുവേണ്ടി വിറ്റു. പിന്നീട് വാടക വീട്ടിലായി താമസം. ഇതിനകം അച്ഛന്റെ ചികിത്സയ്ക്കായി ലക്ഷങ്ങളാണ് ചെലവായത്. വീട്ടിൽ ആരുമില്ലാത്തതിനാൽ അച്ഛനെ പരിപാലക്കാൻ നാടകം ഉപേക്ഷിക്കേണ്ടിവന്നു. അതോടെ ആകെയുണ്ടായിരുന്ന വരുമാനവും നിലച്ചു. ഇപ്പോൾ കരമന മേലാറന്നൂർ ദുർഗ്ഗദേവി ക്ഷേത്രത്തിനുസമീപമാണ് താമസം. ബന്ധുക്കളും നാട്ടുകാരുമാണ് സഹായിക്കുന്നത്. വാടക മുടങ്ങിയിട്ട് മാസങ്ങളായി.
പരസഹായമില്ലാതെ അച്ഛന് പ്രാഥമികകൃത്യം പോലും നിർവഹിക്കാനാകില്ല. ഇടയ്ക്കിടെ ആശുപത്രിയിൽ ആംബുലൻസിലാണ് കൊണ്ടുപോകുന്നത്. മരുന്നുകൾ വാങ്ങാനും വീട്ടാവശ്യങ്ങൾക്കുമായി വീട്ടുപകരണങ്ങൾ വരെ വിൽക്കേണ്ടി വന്നു. സഹായം അഭ്യർത്ഥിച്ച് പല വാതിലുകൾ മുട്ടിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ലെന്ന് ശാന്തി പറഞ്ഞു.
പഴയ സിപിഎം പ്രവർത്തകനായ അച്ഛന്റെ ദുരിതമറിഞ്ഞ് ചില പാർട്ടിക്കാർ കുറച്ചു പണം സ്വരൂപിച്ച് നൽകി. ചികിത്സയെ തുടർന്ന് അടുത്തക്കാലത്തായി അച്ഛൻ നാരായണൻ നായർ എണീറ്റ് അൽപ്പം നടന്നു തുടങ്ങിയെങ്കിലും പഴകി ദ്രവിച്ച കട്ടിലിൽ നിന്നും വീണ് വീണ്ടും കിടപ്പിലായത് മറ്റൊരു ദുരന്തമായി. കെ.പി.എ.സി. നാടക സംഘത്തിനു പുറമെ വയലാർ നാടവേദി, കൊല്ലം ഗായത്രി, കൊല്ലം ചൈതന്യ എന്നീ നാടക ഗ്രൂപ്പുകൾക്കുവേണ്ടിയും അഭിനയിച്ചിട്ടുണ്ട്.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിനു പുറമെ തുലാഭാരം, അധിനിവേശം എന്നീ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ അഭിനയം കണ്ട് നാടകാചാര്യൻ കെ.ടി. മുഹമ്മദും കെ.പി.എ.സി. സുലോചനയും കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത് ജീവിതത്തിൽ മറക്കാനാവാത്ത നിമിഷമായി ശാന്തി ഓർക്കുന്നു.
ദൂരദർശനിൽ സംപ്രക്ഷപണം ചെയ്ത ചില സീരിയലുകളിലും അഭിനയിച്ചു. ഇപ്പോഴും സീരിയലിലും സിനിമയിലും അഭിനയിക്കാൻ മോഹമുണ്ട്. അങ്ങനെ അവസരങ്ങൾ ലഭിച്ചാൽ അച്ഛന്റെ ചികിത്സയ്ക്ക് താങ്ങാവുമെന്ന പ്രതീക്ഷയും ഈ നടിക്കുണ്ട്. സുമനസുകൾ തന്നെ കൈവിടില്ലെന്ന പ്രതീക്ഷയിൽ ജീവിതം തള്ളി നീക്കുകയാണ് ഈ കലാകാരി.