കണ്ണൂർ: യൂത്ത് കോണ്ഗ്രസ് പ്രവർത്തകൻ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ കോണ്ഗ്രസ് നേതൃത്വത്തെ വിമർശിച്ച് കെ. സുധാകരൻ രംഗത്ത്. ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താൻ നടത്തിയ നിരാഹാര സമരം അവസാനിപ്പിക്കാൻ താത്പര്യം ഇല്ലായിരുന്നുവെന്ന് സുധാകരൻ പറഞ്ഞു. സമരം മുന്നോട്ട് കൊണ്ട് പോകണമായിരുന്നു.
ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാൻ നേതൃത്വത്തിന് വയ്യെന്നും സുധാകരൻ കെപിസിസി നിർവാഹക സമിതി യോഗത്തിൽ കുറ്റപ്പെടുത്തി.ഗാന്ധിയൻ സമരം കൊണ്ടു കാര്യമില്ല. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ അതേരീതിയിൽ മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പക്കാർക്ക് സംരക്ഷണം നൽകാൻ പാർട്ടിക്കു സാധിക്കുന്നില്ല. തിരുവനന്തപുരത്ത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിൽ ആലോചിച്ച് സമരം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സമരം നടത്തിയ തന്നോട് ആലോചിച്ചില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
അതേസമയം സമരം നടത്തുന്ന വേദികളിൽ നേതാക്കൻമാർ തങ്ങളുടെ പ്രസംഗം കഴിഞ്ഞു പോകുകയാണെന്ന് രാജ്മോഹൻ ഉണ്ണിത്താനും കുറ്റപ്പെടുത്തി. നേതാക്കൻമാർ വേദികളിൽ മുഴുവൻ സമയവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് കെപിസിസി യോഗം വിളിച്ച നടപടി ശരിയായില്ലെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.
ശുഹൈബിന്റെ കൊലയാളികളെ പിടികൂടണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സുധാകരൻ ഫെബ്രുവരി 19നാണ് നിരാഹാര സമരം ആരംഭിച്ചത്. കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നു ഒൻപതു ദിവസങ്ങൾക്കു ശേഷമാണ് സുധാകരൻ സമരം അവസാനിപ്പിച്ചത്.
കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് സുധാകരനോട് സമരം അവസാനിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്.