തിരുവനന്തപുരം: അടുത്തവർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിന് മികച്ച വിജയം നേടാനായി പ്ലാൻ ചെയ്ത മിഷൻ 2025 നെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും തമ്മിൽ വീണ്ടും നേർക്കുനേർ. നിലവിലുള്ള കെപിസിസി ഭാരവാഹികൾക്ക് ജില്ലകളുടെ ചുമതല കൊടുക്കുന്നത് ഒഴിവാക്കി സതീശന് വേണ്ടപ്പെട്ടവരെ നിയമിച്ചതാണ് കെ. സുധാകരനെ ചൊടിപ്പിച്ചത്. ഇക്കാര്യത്തിലുള്ള അതൃപ്തിയും വിമർശനവും സുധാകരൻ വ്യക്തമാക്കിയതാണ് സതീശനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
വയനാട്ടിൽ നടന്ന കോണ്ഗ്രസ് ഉന്നത നേതാക്കളുടെ യോഗമായ ലീഡേഴ്സ് മീറ്റിലാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻവിജയം നേടാനുള്ള ലക്ഷ്യവുമായി മിഷൻ 2025ന് രൂപം നൽകിയത്. ഇതിന്റെ ചുമതല സതീശൻ ഏറ്റെടുത്ത് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകവെയാണ് വീണ്ടും അഭിപ്രായ വ്യത്യാസങ്ങൾ തലപൊക്കിയത്. ഹൈക്കമാൻഡിന്റെ ഇടപെടൽ വരുന്നത് വരെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ പ്രവർത്തനങ്ങളിൽ പങ്കെടുക്കില്ലെന്ന് സതീശൻ നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
സതീശന്റെ എതിർപ്പ് കോണ്ഗ്രസ് ഹൈക്കമാൻഡിനെയും എഐസിസി സെക്രട്ടറി കെ. സി. വേണുഗോപാലിനെയും അറിയിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്ന് ഉന്നത കോണ്ഗ്രസ് നേതാക്കൾ കെ.സി. വേണുഗോപാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യമായ അഭിപ്രായങ്ങളും വിമർശനങ്ങളും ഒഴിവാക്കണമെന്ന് നേതാക്കളോട് കെ.സി. വേണുഗോപാൽ നിർദേശം നൽകിയെന്നാണ് വിവരം.
വി.ഡി. സതീശനുമായും കെ. സുധാകരനുമായും ആശയവിനിമയം നടത്തി പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാനുമുള്ള നീക്കത്തിലാണ് കെ.സി. വേണുഗോപാൽ. പിണറായി സർക്കാരിനെതിരായ ജനവികാരത്തെ പാർട്ടിക്ക് അനുകൂലമാക്കി തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടുന്നതിന് പകരം നേതാക്കൾ പടലപിണക്കത്തിലും പരസ്പര വിമർശനത്തിലും ഏർപ്പെട്ടിരിക്കുന്നത് പ്രവർത്തകരിലും നേതാക്കളിലും അമർഷം പുകയാൻ ഇടയാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടന്ന കെപിസിസി ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിൽ ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവെന്ന് ആരോപണമുയർന്നിരുന്നു. യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരേ രൂക്ഷവിമർശനമാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയപ്രവർത്തനം നടത്തുന്നു, കെപിസിസിയുടെ അധികാരത്തിൽ കൈകടത്തുന്നു, ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നു തുടങ്ങിയ ആരോപണങ്ങൾ യോഗത്തിൽ ഉയർന്നു.