തേഞ്ഞിപ്പലം: സ്വാതന്ത്ര്യസമരഭടൻമാരെ വാർത്തെടുക്കുന്നതിന് 1939 മെയ് എട്ട് മുതൽ ജൂണ് അഞ്ച് വരെ മലപ്പുറം ജില്ലയിലെ മങ്കട പള്ളിപ്പുറത്ത് നടന്ന കെപിസിസി സമ്മർ സ്കൂളിന് 79 വയസാകുന്നു. പി. കൃഷ്ണപിള്ള, മുഹമ്മദ് അബ്ദുറഹ്മാൻ, ഇ.എം.എസ് നന്പൂതിരിപ്പാട്, കെ. ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാന്പിൽ 79 വോളണ്ടിയർമാർക്കാണ് പരിശീലനം നൽകിയത്.
ഇൻക്വിലാബ് സിന്ദാബാദ്, കോണ്ഗ്രസ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ മുഴങ്ങിയ സമ്മർ സ്കൂളിന്റെ ലക്ഷ്യം സ്വാതന്ത്ര്യസമരം ജനകീയമാക്കുന്നതിന് ’ ഐക്യഅണി’ കെട്ടിപ്പടുക്കുകയും രാഷ്ട്രീയ വിദ്യാഭ്യാസം നേടിയ സമരസേനാനികളെ പരിശീലിപ്പിക്കുകയുമായിരുന്നു. മങ്കട പള്ളിപ്പുറത്തെ ചീരക്കുഴിയിൽ വിലങ്ങപ്പുറത്ത് വീട്ടിലാണ് ക്യാന്പ് നടന്നത്.
തൃശൂർ നാഷണൽ ട്യൂട്ടോറിയൽ കോളജ് അധ്യാപകൻ ടി.ജെ ജോർജായിരുന്നു ക്യാന്പ് പ്രിൻസിപ്പൽ. എൻ.സി ശേഖർ, എസ്. സുബ്രഹ്മണ്യശർമ, ഇന്പിച്ചിബാവ എന്നിവരും ക്യാന്പിലെ അംഗങ്ങളായിരുന്നു. ക്യാന്പ് നടത്തുന്നതിനായി സെയ്തുട്ടി, സൂപ്പിഹാജി എന്നിവർ അവരുടെ വിലങ്ങപ്പുറത്ത് വീട് വിട്ടുനൽകി.
വീടിനു പിന്നിൽ വലിയ പന്തൽകെട്ടിയാണ് ക്ലാസുകളും പരിശീലനവും നടന്നത്. ക്യാന്പ് അധ്യാപകരായിരുന്ന ഇ.എം.എസ്, പി. കൃഷ്ണപിള്ള, കെ. ദാമോദരൻ തുടങ്ങിയവർ പഠിപ്പിച്ച കാര്യങ്ങൾ ക്യാന്പിലെ വിദ്യാർഥികൾ കുറിച്ചെടുത്തിരുന്നു.
പൂന്പുള്ളി കൃഷ്ണൻ നന്പൂതിരി നശിക്കാതെ കാത്തുസൂക്ഷിച്ച ഈ നോട്ടുകൾ ഡോ. പി. ശിവദാസന്റെ നേതൃത്വത്തിലുള്ള കാലിക്കട്ട്് സർവകലാശാലയിലെ ഗവേഷകർ പരിശോധിച്ചിരുന്നു. കൃഷ്ണൻ നന്പൂതിരി മങ്കട പള്ളിപ്പുറം സ്വദേശിയും ക്യാന്പിലെ അംഗവുമായിരുന്നു.
ഇദ്ദേഹത്തിന്റെ മകനായ വാസുദേവൻ നന്പൂതിരിയാണ് ഈ കുറിപ്പുകൾ ഗവേഷകരെ കാണിച്ചത്. മതമൈത്രി, സ്വരാജ്യസ്നേഹം, ഹിന്ദി പ്രചാരണം, പുരോഗമന മാറ്റങ്ങൾ എന്നിവ ലക്ഷ്യമിട്ട് യൂണിയൻ വായനശാല മൈത്രി, സാഹിത്യദീപിക, സഹൃദയൻ എന്നീ കൈയ്യെഴുത്ത് മാസികകൾ നടത്തിയിരുന്നു.
അനാചാരങ്ങൾക്കും നിരക്ഷരതക്കുമെതിരായ പ്രവർത്തനങ്ങളാണ് വായനശാല ഏറ്റെടുത്തിരുന്നത്. ഈ പശ്ചാത്തലത്തിലായിരിക്കണം മങ്കട പള്ളിപ്പുറത്തെ സമ്മർ ക്യാന്പിന്റെ കേന്ദ്രമാക്കിയതെന്നാണ് ഗവേഷകരുടെ നിഗമനം.