കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിക്കുന്നതിനുവേണ്ടിയാണ് 1500 കോടി രൂപയുടെ കെ-ഫോണ്‍ പദ്ധതി കൊണ്ടുവന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
എറണാകുളം ഡിസിസി ഓഫീസില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ-ഫോണ്‍ കൊള്ളയില്‍ സിബിഐ അന്വേഷണം തന്നെയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
18 മാസംകൊണ്ടു പൂര്‍ത്തിയാക്കുമെന്ന് അവകാശപ്പെട്ട് 1500 കോടി രൂപ മുടക്കി 2017 ല്‍ കൊണ്ടുവന്ന കെ-ഫോണ്‍ പദ്ധതി 2024ലും നടപ്പാക്കാനായിട്ടില്ല. 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്കുമെന്നു പറഞ്ഞിടത്തുനിന്ന് നിയോജകമണ്ഡലങ്ങളില്‍ ആയിരം വീതം 14,000 ആയി കുറച്ചു. ടെന്‍ഡര്‍ നടപടിക്കുശേഷം 1000 കോടിയുടെ പദ്ധതിയില്‍ 50 ശതമാനം ടെന്‍ഡര്‍ എക്സസ് നല്കി 1500 കോടിയാക്കി.
എസ്ആര്‍ഐടിയെ കൂടാതെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പ്രസാഡിയോ എന്ന കമ്പനിയും കരാറിനു പിന്നിലുണ്ടായിരുന്നു. പദ്ധതിക്കുവേണ്ടി കിഫ്ബിയില്‍നിന്ന് കടമെടുത്ത 1032 കോടി അടുത്തമാസം മുതല്‍ പ്രതിവര്‍ഷം 100 കോടി വീതം തിരിച്ചടയ്ക്കണം.
പദ്ധതിയില്‍നിന്ന് ഒരു രൂപയും കിട്ടാത്ത സാഹചര്യത്തില്‍ 100 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്നു നല്‍കേണ്ട അവസ്ഥയാണ്. മുഖ്യമന്ത്രിക്കും പങ്കാളിത്തമുള്ള സാഹചര്യത്തില്‍ സിബിഐയാണ് ഈ അഴിമതി അന്വേഷിക്കേണ്ടത്. ഇതേ കമ്പനികള്‍ തന്നെയാണ് എഐ കാമറ അഴിമതിക്കു പിന്നിലും.
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലും സ്വന്തം ഭരണനേട്ടങ്ങള്‍ പറയാനാകാതെ അഴിമതിയും കെടുകാര്യസ്ഥതയും ഭരണപരാജയവും മറച്ചുവച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണം നടത്തുന്നത്. കരുവന്നൂരിലെ 300 കോടി രൂപ കൊള്ളയടിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നാല്‍ പ സിപിഎം നേതാക്കള്‍ അറസ്റ്റിലാകും. ഇത് ഒഴിവാക്കുന്നതിനുവേണ്ടിയാണ് സിപിഎം വോട്ടുകള്‍ ബിജെപിക്ക് മറിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗശല്യം: ശക്തമായ സമരം ആരംഭിക്കും
കൊച്ചി: വന്യമൃഗശല്യം രൂക്ഷമായിട്ടും സര്‍ക്കാര്‍ കാഴ്ചക്കാരെ പോലെ നോക്കിനില്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. 92 വില്ലേജുകളെ ഗുരുതരമായി ബാധിക്കുന്ന ഇഎസ്എ സംബന്ധിച്ച് പഞ്ചായത്തുകളോട് അഭിപ്രായം ചോദിച്ചിരിക്കുകയാണ്.
എന്നാല്‍ പഞ്ചായത്തിന്റെ പക്കല്‍ ഒരു രേഖയുമില്ല. വനാതിര്‍ത്തികളില്‍ ജീവിക്കുന്നവരെ രൂക്ഷമായി ബാധിക്കുന്ന തരത്തിലേക്കാണ് ഇഎസ്എ നടപ്പാകാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.