ആലപ്പുഴ: മറ്റാര്‍ക്കോ സ്വര്‍ഗത്തിലേക്ക് കയറിപ്പോകാനുള്ള ചവിട്ടുപടിയായി മനുഷ്യര്‍ മാറ്റപ്പെടുന്നതിന്റെ ഭയം ഇന്ന് ലോകമെമ്പാടുമുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. വയലാറില്‍ ഇസ്ലാമിക ഭീകരവാദികളാല്‍ കൊല്ലപ്പെട്ട നന്ദു ആര്. കൃഷ്ണയുടെ അനുസ്മരണത്തിലും ഭീകരവിരുദ്ധ സദസിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശശികല.
നാല് വോട്ടിന് വേണ്ടി ഇടതു-വലതു മുന്നണികള്‍ കേരളത്തില്‍ മതതീവ്രവാദത്തിന് ചൂട്ടുപിടിക്കുകയാണ്. എല്ലാ മതങ്ങളും കാലാകാലങ്ങളില്‍ പരിഷ്കരണത്തിന് വിധേയമായിട്ടുണ്ട്.
സ്വന്തം മതത്തിലെ തെറ്റുകള്‍ മനസിലായപ്പോള്‍ സ്വമേധയാ അഗ്നിശുദ്ധി വരുത്തിയ മതമാണ് ഹിന്ദുമതം. ക്രിസ്തുമതവും ഇതേപോലെ പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
തീവ്രവാദികള്‍ വിലയ്ക്കെടുത്ത നാവുകളും വോട്ടും കണ്ട് ഭ്രമിച്ചുപോയ രാഷ്ട്രീയക്കാരും കേരളത്തെ കുരുതിക്കളമാക്കിയെന്നും ശശികല പറഞ്ഞു.
വടക്കേ അങ്ങാടി കവലക്ക് സമീപമുള്ള മുനിസിപ്പല്‍ മൈതാനത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ സുബ്രഹ്മണ്യന് മൂസത് അധ്യക്ഷനായി. രക്ഷാധികാരി അഡ്വ.വി. പത്മനാഭന്, ജില്ലാ പ്രസിഡന്റ് സി.എന്‍ ജിനു, താലൂക്ക് സെക്രട്ടറി ചന്ദ്രശേഖരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.