വിജയന്‍ സാരിയും ചുറ്റി ഒന്ന് പുറത്തിറങ്ങി നോക്ക് അപ്പോള്‍ മനസിലാവും! രാത്രി പത്ത് മണിക്കൊക്കെ ഞാന്‍ വഴിയിലിറങ്ങി നടന്നിട്ടുണ്ട്; പിണറായി വിജയനോട് കെ ആര്‍ ഗൗരിയമ്മ പറയുന്നു

പെണ്ണുങ്ങള്‍ക്ക് വഴിയിലിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോഴെന്ന് മുന്‍ മന്ത്രി കെ.ആര്‍ ഗൗരിയമ്മ. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ നിയമസഭാ ഹാളില്‍ മുന്‍ സമാജികരുടെ ഒത്തുചേരലിനിടെയായിരുന്നു ഗൗരിയമ്മയുടെ പരാമര്‍ശം. ‘വിജയന്‍ ഒന്ന് സാരിയും ചുറ്റി പുറത്തിറങ്ങണം, അപ്പോഴറിയാം സ്ത്രീകള്‍ നേരിടുന്ന ദുരിതം. പെണ്ണുങ്ങള്‍ക്ക് വഴിയിലിറങ്ങാനാകാത്ത സ്ഥിതിയാണിപ്പോള്‍’. ഗൗരിയമ്മ പറഞ്ഞു. ഗൗരിയമ്മയുടെ ഈ വാക്കുകള്‍ സദസ്സില്‍ ചിരി പടര്‍ത്തി. എന്നാല്‍ അതൊന്നും വകവെയ്ക്കാതെ അവര്‍ സംസാരം തുടരുകയും ചെയ്തു. ‘ഞാന്‍ പണ്ട് രാത്രി പത്ത് മണിക്കൊക്കെ നടന്നുപോയിട്ടുണ്ട്. ആരും ഉപദ്രവിച്ചിട്ടില്ല. ഇന്ന് അങ്ങനെയല്ല സ്ഥിതി.’

മുഖ്യമന്ത്രിയെ നോക്കി ഗൗരിയമ്മ ഇതു പറയുമ്പോള്‍ ഒരു പുഞ്ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ മുഖത്ത്. പ്രസംഗത്തിനിടെ ഈ പ്രായത്തിലും തന്റെ ആരോഗ്യ രഹസ്യം അവര്‍ വെളിപ്പെടുത്തി. ‘ജനങ്ങള്‍ക്കുവേണ്ടി അവര്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിച്ചാല്‍ 100 അല്ല 120 വയസ്സുവരെ ജീവിക്കാമെന്നാണ് ഗൗരിയമ്മ പറഞ്ഞത്. പഴയ നിയമസഭാ ഹാളിന്റെ ഇടതുവശത്തായി താന്‍ ഇരുന്ന സ്ഥാനം സഭയിലുള്ളവര്‍ക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു, ഗൗരിയമ്മ. സ്ത്രീ എന്ന സ്വത്വത്തില്‍ മാത്രം ഒതുങ്ങിപ്പോകാത്ത സ്വാതന്ത്ര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ് ഗൗരിയമ്മയെന്നാണ് വേദിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

 

Related posts