എടക്കര: കായംകുളം എംഎൽഎ യു. പ്രതിഭയുടെ ഭർത്താവിനെ മലപ്പുറം ജില്ലയിലെ ചുങ്കത്തറയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തകഴി പാടഹാരം നളന്ദ വീട്ടിൽ തങ്കപ്പ പണിക്കരുടെയും പൊന്നമ്മയുടെയും മകൻ കെ.ആർ. ഹരി(47)യെയാണ് ഇന്നലെ രാവിലെ കിടപ്പുമുറിയിൽ ഫാനിന്റെ ഹുക്കിൽ തുങ്ങിമരിച്ച നിലയിൽ കണ്ടത്.
ചുങ്കത്തറ പ്രിയാ റോഡിലെ വാടക ക്വാർട്ടേഴ്സിലെ ഒരു മുറിയിൽ ഒറ്റയ്ക്കായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ചുങ്കത്തറ വൈദ്യുതി സെക്ഷൻ ഓഫീസിലെ ഓവർസിയർ ആയിരുന്നു. 2017-ലാണ് ഇവിടേക്കു ഹരിക്ക് സ്ഥലം മാറ്റം കിട്ടിയത്.
സാധാരണ രാവിലെ ആറുമണിയോടെ ഉണരുന്ന ഹരിയെ രാവിലെ പത്തുമണിയായിട്ടും പുറത്തു കാണാത്തതിനെത്തുടർന്ന് അടുത്ത മുറികളിലുള്ളവർ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. ഉടൻതന്നെ ഇവർ ബന്ധപ്പെട്ട കെഎസ്ഇബി ഓഫീസിൽ വിവരമറിയിച്ചു. കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി.
തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. നിലമ്പൂർ സിഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. മുറിയിൽനിന്നു മൂന്നു പേജുള്ള ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. പത്തുവർഷമായി ഇവർ അകന്നാണ് കഴിഞ്ഞിരുന്നത്.
വിവാഹമോചനത്തിനായുള്ള പ്രതിഭയുടെ ഹർജിയിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഏക മകൻ കനിവ് (പത്താം തരം വിദ്യാർഥി). സംസ്കാരം ഇന്നു രാവിലെ പതിനൊന്നിന് തകഴിയിലെ വീട്ടുവളപ്പിൽ നടക്കും.