തൃശൂർ: ചേലക്കരയിൽ യു.ആർ. പ്രദീപ് വിജയത്തിലേക്ക് നീങ്ങുന്നത് സർക്കാരിനെതിരെയുള്ള കള്ളപ്രചാരണങ്ങൾ ജനം തള്ളിയതിന്റെ തെളിവാണെന്ന് കെ. രാധാകൃഷ്ണൻ എംപി. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ.
കള്ളപ്രചാരണങ്ങൾ ജനം തള്ളിയതിന്റെ വിജയമാണ് ചേലക്കരയിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും മികച്ച വിജയംതന്നെ പ്രദീപ് നേടും. എല്ലായിടത്തും നല്ല ലീഡാണ്. അടുത്ത തെരഞ്ഞെടുപ്പിൽ നേട്ടങ്ങളുണ്ടാക്കാൻ വേണ്ടി യുഡിഎഫ് ജീവൻമരണ പോരാട്ടപ്രചാരണമാണ് ചേലക്കരയിൽ നടത്തിയത്. എല്ലാത്തരം കള്ളപ്രചാരണവേലയും അവർ പുറത്തെടുത്തു. അതെല്ലാം ജനം അട്ടിമറിച്ചു.
അടുത്ത തവണയും കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നതിന്റെ വ്യക്തമായ സൂചനയാണിപ്പോൾ ലഭിക്കുന്നത്. പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഒരു ഭരണവിരുദ്ധവികാരവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രാധാകൃഷ്ണൻ പ്രതികരിച്ചു.