തിരുവനന്തപുരം: ആലത്തൂരില്‍നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനമൊഴിഞ്ഞത് ചരിത്രത്തിലിടം നേടാവുന്ന ഉത്തരവിറക്കിയശേഷം. പട്ടികവർഗ വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ നിലവിൽ കോളനികൾ, ഊര്, സങ്കേതം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഈ പേര് മാറ്റുന്നതിനാണ് ഇപ്പോൾ തീരുമാനം.
കോളനി എന്ന അഭിസംബോധന അവിടെ താമസിക്കുന്ന ജനങ്ങളിൽ അവമതിപ്പും അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റുന്നതിനായി ഉത്തരവ് ഇറക്കിയത്.
പുതിയ ഉത്തരവനുസരിച്ച് കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരമായി നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താൽപര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാവുന്നതാണെന്നും വ്യക്തമാക്കുന്നു.
കോളനി എന്നുള്ള പദം ഒഴിവാക്കുന്നത് താൻ നേരത്തെ ആഗ്രഹിച്ചതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അടിമത്തത്തിന്റെ ഒരു ചിഹ്നമായിരുന്നു ആ വാക്ക്. ആ വാക്ക് ഒഴിവാക്കി ഉത്തരവിറക്കി. പകരം മന്ത്രിയെ പാർട്ടി തീരുമാനിക്കുമെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
അതേസമയം, വൈകുന്നേരം മൂന്ന് മണിയോടെ ക്ലിഫ് ഹൗസിലെത്തി രാധാകൃഷ്ണൻ രാജി സമർപ്പിച്ചു. ആലത്തൂരിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാജി.