പാലക്കാട്: കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ എടുത്തു മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇവർ പുറത്ത് വിട്ടു. ചേലക്കര മണ്ഡലത്തില്‍ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
വാഹനത്തില്‍ നിന്നും ഇറങ്ങിയ ഒരാള്‍ വാഹനത്തിനുള്ളിൽ നിന്ന് ആയുധങ്ങൾ പുറത്തേക്ക് മാറ്റുന്നത് വീഡിയോയില്‍ കാണാം. അതേസമയം, പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
ദൃശ്യങ്ങളുടെ ആധികാരികത ഉള്‍പ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ചേലക്കര പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.
അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു ശേഷം ഇതിനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് രംഗത്തെത്തി. അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണിതെന്ന് അവർ ആരോപിച്ചു.
എന്നാൽ ഇതിൽ വിശദീകരണവുമായി കെ. രാധാകൃഷ്ണനും രംഗത്തെത്തി. വ്യാജ പ്രചരണം നടത്താനുള്ള ശ്രമമാണ് യുഡിഎഫിന്റേത്. ഫ്ലക്സ് ബോർഡ് സ്ഥാപിക്കാനുള്ള ആയുധങ്ങൾ മാത്രമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അത് തന്റെ അകമ്പടി വാഹനമോ പ്രചാരണ വാഹനമോ ഒന്നുമായിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ആലത്തൂരിൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് യുഡിഎഫെന്നും രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.