പത്തനംതിട്ട: ഇന്നലെ രാത്രിയോടെ ശബരിമലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കോടതി നിർദ്ദേശ പ്രകാരം ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. നിലയ്ക്കലും പമ്പയിലും ഭക്തർക്കുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആവശ്യത്തിനു കെഎസ്ആർടിസി ബസുകളുണ്ട്. തിരക്ക് കൂടിയാൽ ഉപയോഗിക്കാൻ ബസുകൾ റിസർവ് ചെയ്ത് വച്ചിട്ടുണ്ട്. റൊട്ടേഷൻ സമ്പ്രദായത്തിന്റെ ഭാഗമായാണ് പോലീസുകാരെ മാറ്റിയതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പതിനെട്ടാംപടി വീതികൂട്ടലുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി പ്രതികരിച്ചില്ല. അതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ല. തെരഞ്ഞെടുപ്പ് വരികയാണ്. മുതലെടുപ്പ് ലക്ഷ്യമിട്ട് വിവാദങ്ങൾ ഉയരുമെന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ് പ്രശാന്തിന്റെ നിലപാടിനു വിരുദ്ധമായ നിലപാടാണ് മന്ത്രി സ്വീകരിച്ചത്.