അന്തിക്കാട്: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ടതിനെത്തുടർന്ന് തനിച്ചായ 10 വയസുള്ള അലന്റെ വീട്ടിൽ മന്ത്രിയെത്തി.
മണലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപം ചുള്ളിപ്പറന്പിൽ പരേതരായ സുഭാഷ് -ജിജി ദന്പതികളുടെ മകൻ അലന്റെ വീട്ടിലേക്കാണ് ദേവസ്വം മന്ത്രി രാധാകൃഷ്ണനെത്തിയത്.
അലന്റെ ഇനിയുള്ള ജീവിതത്തിനാവശ്യമായ എല്ലാ മുൻകരുതലുകളും സംസ്ഥാന സർക്കാർ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. വീട്ടിലെത്തിയ മന്ത്രി അലനുമായി സംസാരിക്കുകയും കുട്ടിയെ ആശ്വസിപ്പിക്കുകയും ചെയ്തു.
ഇന്നലെ രാവിലെയാണ് മുരളി പെരുനെല്ലി എംഎൽഎയോടൊപ്പം മന്ത്രി എത്തിയത്. ജില്ലാ പഞ്ചായത്തംഗം വി.എൻ. സുർജിത്ത്, ത്രിതല പഞ്ചായത്തംഗങ്ങൾ, സിപിഎം മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ , ലോക്കൽ സെക്രട്ടറി പി.കെ. അരവിന്ദൻ എന്നിവരും എത്തിയിരുന്നു.ഒരാഴ്ച മുന്പാണ് അലന്റെ അച്ഛൻ ചുള്ളിപറപ്പറന്പിൽ സുഭാഷ് (47) കോവിഡ് ബാധിച്ച് മരിച്ചത്.
അതിന്റെ രണ്ടാഴ്ച മുൻപ് അലന്റെ അമ്മ ജിജിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇരട്ട സഹോദരൻ വർഷങ്ങൾക്കു മുൻപ് അസുഖം ബാധിച്ച് മരിച്ചിരുന്നു. അലനു കോവിഡ് ബാധിച്ചെങ്കിലും ഭേദമായി. പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച ചെറിയ വീട്ടിലാണ് അലന്റെ താമസം.
ഒല്ലൂർ: നേരത്തെ പിതാവ് മരിച്ച് അമ്മയോടൊപ്പം കഴിയവേ രണ്ടാഴ്ച മുന്പ് കോവിഡ് ബാധിച്ച് അമ്മയും മരിച്ചതോടെ ഒറ്റപ്പെട്ടുപോയ കുട്ടികളെ റവന്യു മന്ത്രി കെ. രാജനും, പട്ടികവർഗ ക്ഷേമ മന്ത്രി കെ. രാധാക്യഷ്ണനും സന്ദർശിച്ചു.
ഒല്ലൂർ ഇഎസ്ഐക്കു സമീപം ലക്ഷംവീട് കോളനിയിലെ പരേതരായ സജ ി-വിനീത ദന്പതികളുടെ മക്കളായ അലീന, അനീന എന്നീ വരെയാണ് മന്ത്രിമാർ സന്ദർശിച്ചത്.
നേരത്തെ സജി മരിച്ചതിനാൽ വിനീത പിതാവ് പള്ളിപ്പാടൻ വിത്സനോടെപ്പാണു താമസിച്ചിരുന്നത്. രണ്ടാഴ്ച മുന്പാണ് വിനീത കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കുട്ടികൾ വിത്സന്റെ സംരക്ഷണത്തിലായി.
കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ടുന്ന കുട്ടികളുടെ സംരക്ഷണം സർക്കാർ എറ്റെടുക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാർ എത്തി സർക്കാരിന്റെ സംരക്ഷണം ഉറപ്പു നൽകിയത്. കുട്ടികളുടെ പഠന ചെലവ് സർക്കാർ എറ്റെടുക്കുമെന്നും പ്രതിമാസം രണ്ടായിരം രൂപ സ്കോളർഷിപ്പു നൽകുമെന്നും മന്ത്രി കെ. രാധാക്യഷ്ണൻ പറഞ്ഞു.
കുട്ടികൾക്ക് വീട് ലഭിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ച് നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി കെ. രാജൻ പറഞ്ഞു. കൗണ്സിലർ കരോളിൻ ജെറിഷ് പെരിഞ്ചേരിയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.