സ്വന്തം ലേഖകൻ
കോഴിക്കോട്: കെ-റെയിലുമായി ബന്ധപ്പെട്ട് സമരം തീവ്രമാകുമ്പോള്‍ തീവ്രവാദപ്പേടിയില്‍ സര്‍ക്കാര്‍.
സമരത്തില്‍ തീവ്രവാദസംഘടനകള്‍ നുഴഞ്ഞുകയറുന്നതിന് കോപ്പുകൂട്ടുന്നതായും ഇത് സംസ്ഥാനത്തെ യുദ്ധക്കളമാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു.
കെ-റെയില്‍ കുറ്റികള്‍ പിഴുതെറിയല്‍ സമരവുമായി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുപോകുമ്പോള്‍ രാത്രികാലങ്ങളില്‍ ഇത് മറ്റിടങ്ങളിലേക്കും പടരാനുള്ള സാധ്യതയും മുന്‍കൂട്ടികാണുന്നു.
നിരീക്ഷണത്തിലാണ്
കെപിസിസി പ്രസിഡന്റ് തന്നെ പിഴുതെറിയല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇത് ഏറ്റെടുത്ത് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയാല്‍ അത് തീവ്ര നിലപാടുകാര്‍ക്കും സംഘടനകള്‍ക്കും മുതലെടുക്കുമെന്നാണ് വിലയിരുത്തല്‍.
കേന്ദ്രഏജന്‍സികള്‍ ഉള്‍പ്പെടെ കേരളത്തിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണ്.നേരത്തെ തന്നെ കേരളം തീവ്രാദസംഘടനകളുടെ ഹബ്ബായി മാറുന്നെന്ന് കേന്ദ്ര എജന്‍സികള്‍ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇതെല്ലാം രാഷ്ട്രീയനേട്ടത്തിനുവേണ്ടിയും കേരളത്തെ വിലകുറച്ചുകാണിക്കാനും കേന്ദ്രം ശ്രമിക്കുന്നതിന്റെ ഫലമാണെന്നായിരുന്നു ഇരുമുന്നണികളും പ്രത്യേകിച്ച് എല്‍ഡിഎഫും കുറ്റപ്പെടുത്തിയിരുന്നത്.
പ്രത്യേകസാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ കേന്ദ്രം കര്ര്ശനമായി നിരീക്ഷിക്കണമെന്ന നിലപാടിലാണ് ഇപ്പോള്‍ ഇടതുമുന്നണി.
വരുന്നതു സമരപരന്പര
സില്‍വര്‍ലൈന്‍ പദ്ധതി ഒരു കാരണവശാലും അനുവദിക്കില്ലെന്നും തുടക്കം മുതല്‍ ഒടുക്കം വരെ സ്ഥാപിച്ച കെ-റെയില്‍ കുറ്റികള്‍ പിഴുതെറിയുമെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.
ബിജെപിയും സമരമുഖത്താണ്. ഈ സാഹചര്യത്തില്‍ സമരപരമ്പരയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
മുഖ്യമന്ത്രി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും സമരത്തില്‍നിന്നും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്.
എതിര്‍പ്പ് ശക്തമാകുകയും സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്താല്‍ കേന്ദ്രത്തിന് പദ്ധതിയ്ക്ക് സാങ്കേതിക അനുമതി നല്കുന്ന കാര്യത്തില്‍ പുനര്‍ചിന്തനം നടത്തേണ്ടിവരും.