കോട്ടയം: കെ-റെയിലിൽ ആശങ്കയൊഴിയാതെ പാറന്പുഴ നട്ടാശേരി കുഴിയാലിപ്പടി നിവാസികൾ.
ദിവസങ്ങളായി ഇവിടെ കെ-റെയിൽ കല്ലിടാനുളള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. അവരുടെ ശ്രമത്തെ പ്രതിരോധിച്ച് കെ-റെയിൽ വിരുദ്ധസമിതിയും നാട്ടുകാരും ജനപ്രതിനിധികളും.
ഇന്നലെ രാവിലെ രാവിലെ 7.45ന് തഹസീൽദാരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തോടെയാണു കല്ലിടുന്നതിനു കെ-റെയിൽ അധികൃതർ എത്തിയത്.
കെ-റെയിൽ വിരുദ്ധ സമിതിയുടെ ശക്തമായ എതിർപ്പിനെത്തുടർന്നു കല്ലിടാനുളള ശ്രമം പോലീസ് ഉപേക്ഷിച്ചു.
കഴിഞ്ഞ ദിവസം ഇവിടെ സ്ഥാപിച്ച കല്ലുകൾ സമരക്കാർ പിഴുതു കളയുകയും സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു.
ഇന്നലെ സർവേക്കല്ലുകളുമായി ലോറിയിലാണ് ഉദ്യോഗസ്ഥസംഘം കുഴിയാലിപ്പടിയിൽ എത്തിയത്. നാട്ടുകാർ സംഘടിച്ചു പ്രതിഷേധിച്ചതോടെ കല്ലിടാതെ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
താരം സോഷ്യൽ മീഡിയ
ഇന്നലെ രാവിലെ പ്രദേശവാസികളായ ചിലർ മാത്രമാണ് കല്ലിടാനായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ പ്രദേശത്തുണ്ടായിരുന്നത്. നിമിഷങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത പരന്നതോടെ ജനം തടിച്ചുകൂടി.
പിന്നാലെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കേരള കോണ്ഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ്, കൗണ്സിലർ സാബു മാത്യു എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രദേശത്ത് തന്പടിച്ചു.
ഇതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് കല്ലുകളും സിമന്റും മണലും എത്തിച്ച ലോറിക്കു ചുറ്റും പോലീസ് നിലയുറപ്പിച്ചു.
ലോറിയിൽ എത്തിച്ചിരിക്കുന്ന കല്ലുകൾ ഇറക്കാനും ഇടാനും അനുവദിക്കില്ലെന്നും യാതൊരു വീട്ടുവീഴ്ചയ്ക്കും തയാറാല്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലാണു പോലീസ് സംഘം ക്യാന്പ് ചെയ്തത്. ഫയർഫോഴ്സും സ്ഥലത്തുണ്ടായിരുന്നു. ടിയർ ഗ്യാസ് സംവിധാനവും പോലീസ് എത്തിച്ചിരുന്നു.
സ്ഥിരം പ്രതിഷേധവേദി
പാറന്പുഴയിൽ നാട്ടുകാർ ചേർന്ന് സ്ഥിരം പ്രതിഷേധവേദിയും സ്ഥാപിച്ചു. റോഡരികിലെ പ്രതിഷേധവേദി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടങ്കിലും സമരസമതിപ്രവർത്തകർ ഉറച്ചു നിന്നതോടെ പോലീസ് ശ്രമം ഉപേക്ഷിച്ചു.
രാത്രിയിൽ കല്ലിടാനുളള നീക്കമുണ്ടാകുമെന്ന സൂചനയിൽ രാപ്പകൽ സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം. സ്ഥിരം പ്രതിഷേധ വേദിയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷണൻ എംഎൽഎ നിർവഹിച്ചു.
പി.സി. ജോർജ് സമരക്കാരെ സന്ദർശിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, കെപിസിസി സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ, പി.എ. സലിം, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, നഗരസഭാ ചെയർപേഴ്സണ് ബിൻസി മാത്യു, സാബു മാത്യു തുടങ്ങി ഒട്ടേറെ നേതാക്കൾ സമരസമിതിക്കു പിന്തുണയുമായി കുഴിയാലിപ്പടിയിൽ എത്തി.
കേസ് 100 പേർക്കെതിരേ
പാറന്പുഴ കുഴിയാലിപ്പടിയിൽ കെ-റെയിൽ കല്ലിടിനെതിരെ പ്രതിഷേധിച്ച 100 പേർക്കെതിരെ കേസെടുത്ത് പോലീസ്. സംഘർഷമുണ്ടായതിന്റെ ദൃശ്യങ്ങളിൽനിന്നും 20ൽപ്പരം ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവർക്കെതിരെയുള്ള നടപടികൾ അടുത്ത ദിവസം തുടങ്ങുമെന്ന് പോലീസ് അറിയിച്ചു. കെ-റെയിൽ കല്ലുകൾ സ്ഥാപിക്കാൻ വന്ന ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടയുകയും കല്ലുകൾ പിഴുതെടുത്ത് എറിയുകയും ചെയ്തിരുന്നു.
കുഴിയാലിപ്പടിയിൽ സ്ഥാപിച്ച രണ്ടു കല്ലുകളും പ്രതിഷേധക്കാർ പിഴുതു തോട്ടിലെറിഞ്ഞു.
മാടപ്പള്ളിയിൽ ആദ്യമുണ്ടായ പ്രതിഷേധത്തിന്റെ ചുവടുപിടിച്ചാണ് പാറന്പുഴ കുഴിയിലാപ്പടിയിലും സമാനമായി രീതിയിലുള്ള പ്രതിഷേധം അരങ്ങേറിയത്.