സ്വന്തം ലേഖകൻ
പയ്യന്നൂര്‍: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ സാമൂഹികാഘാത പഠനം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പദ്ധതിക്കുവേണ്ടി സര്‍വേ നടത്തുന്ന കേരള വളണ്ടറി ഹെല്‍ത്ത് സര്‍വീസ് പ്രൊജക്ട് കോ-ഓർഡിനേര്‍ ഷാജു ഇട്ടി.
ജില്ലയില്‍ കണക്കാക്കിയ ഒഴിപ്പിക്കപ്പെടേണ്ട വീടുകളുടെ എണ്ണം അയ്യായിരത്തിന്നിന്നും നാലായിരത്തോളമായി കുറയുമെന്നും ഇരുപത് ശതമാനത്തോളം വീട്ടുകാരുടെ വിവര ശേഖരണം പൂര്‍ത്തിയായതായും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
എഴോം പഞ്ചായത്തിലെ സര്‍വേ പൂര്‍ത്തീകരിച്ചതായും കുഞ്ഞിമംഗലം, പാപ്പിനിശേരി, കണ്ണപുരം എന്നിവിടങ്ങളിലെ വിവര ശേഖരണം നടന്നുവരുന്നതായും മാടായിയിലും വളപട്ടണത്തും ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാസർഗോഡ് ജില്ലയിൽ അടുത്തയാഴ്ച സർവേ ആരംഭിക്കും. ” നമ്മൾക്ക് പരിചയമില്ലാത്ത വലിയ പദ്ധതിയായതിനാല്‍ ഇതിന്റെ പ്രത്യാഘാതത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നറിയുവാന് എല്ലാവര്ക്കും താത്പര്യമുണ്ടാവും.
ഒരു വീട് പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യമാണെങ്കിൽ അതിന്റെ പ്രത്യാഘാതമെന്തെന്ന് നമ്മൾക്കറിയാം.
ചിലര്‍ക്ക് പ്രതിഫലമായി കിട്ടുന്ന തുക മറ്റവകാശികള്‍ക്ക് വീതം വെച്ചുപോയാല്‍ മറ്റൊരു വീട് നിര്മ്മിക്കാനാകുമോയെന്ന ആശങ്കകൾ ഉണ്ട്.
ഇത്തരത്തില്‍ വ്യത്യസ്തമായ പ്രത്യാഘാതങ്ങളാണ് ഓരോ കുടുംബങ്ങള്‍ക്കുമുള്ളത്. ഇത്തരം കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ അത്തരം കാര്യങ്ങള്‍ സമാഹരിച്ച് റിപ്പോര്ട്ടുണ്ടാക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്.
പദ്ധതി വേണോ വേണ്ടയോ എന്ന ചോദ്യം പോലും ഈ പഠനത്തിന്റെ ഭാഗമായി ഇല്ല. ഇതുവരെയുള്ള സർവേയിൽ അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചവരുണ്ട്.
സർവേയിലുൾപ്പെട്ട വീട്ടുകാർക്ക് അനുകൂലമോ പ്രതിക്കൂലമോ ആയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാം. അത് അവരുടെ അവകാശമാണ്.
എന്നാൽ, ജനാധിപത്യപരമായ ഈ അവകാശത്തെ ചിലർ സമ്മർദ്ദങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
പ്രതിഷേധക്കാർക്കും രാഷ്ട്രീയ പാർട്ടികൾക്കും അഭിപ്രായം പ്രകടപ്പിക്കാനുള്ള അവസരം ഇതിന്റെ രണ്ടാം ഘട്ടത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂർ നഗരസഭയിലെ വാർഡ് 22 ൽ 12 വീടുകളുടേയും 25 ൽ 17 വീടുകളുടേയും സർവേയാണ് നടന്നത്. വീടുകൾ വളരെ കുറവായ 28,29 വാർഡുകളിലെ സർവേ ഉടൻ പൂർത്തിയാവുമെന്നും ഷാജു ഇട്ടി പറഞ്ഞു.