കൊല്ലം: മലയാള സിനിമാരംഗത്ത് അഞ്ച് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ പ്രമുഖ ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർക്ക് സ്വന്തം ചിത്രത്തിലെ ഗാനത്തിലൂടെ വീണ്ടും ആദരം.
രവീന്ദ്രനാഥൻ നായരുടെ ഉടമസ്ഥയിലുള്ള ജനറൽ പിക്ചേഴ്സ് നിർമിച്ച അച്ചാണി എന്ന സിനിമയിലെ പി.ഭാസ്കരൻ-ജി.ദേവരാജൻ-കെ.ജെ.യേശുദാസ് ടീമിന്റെ ഹിറ്റുകളിൽ ഒന്നും തലമുറകൾ ഇന്നും ഏറ്റുപാടുന്നതുമായ എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ എന്നു തുടങ്ങുന്ന ഗാനത്തിന്റെ പുതുരൂപമാണ് ഇന്നലെ കൊല്ലത്ത് പുറത്തിറങ്ങിയത്.
രവീന്ദ്രനാഥൻ നായരുടെ ചെറുമകൻ അർജുൻ സതീഷ് നായരുടെ ശബ്ദത്തിലൂടെയാണ് പഴയ പാട്ട് പുതിയ കാലത്തെ തേടുന്നത്.കൊല്ലം പ്രസ്ക്ലബ് ഹാളിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ പുതിയ ഗാനത്തിന്റെ സിഡി മേയർ വി.രാജേന്ദ്രബാബു പ്രസ്ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്തിൽ നിന്ന് ഏറ്റുവാങ്ങി പ്രകാശനം നിർവഹിച്ചു.
വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ ആയിരുന്നിട്ടും ലളിത ജീവിതത്തിന് ഉടമയായ അച്ചാണി രവിയെന്ന് അറിയപ്പെടുന്ന രവീന്ദ്രനാഥൻ നായരെ കോർപ്പറേഷന്റെ നേതൃത്വത്തിൽ അടുത്തമാസം കൊല്ലം പൗരാവലിയുടെ നേതൃത്വത്തിൽ ആദരിക്കുമെന്ന് മേയർ പറഞ്ഞു. മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരിൽ ഭൂരിഭാഗം പേരും ഈ ചടങ്ങിൽ പങ്കെടുക്കും.
മലയാള സിനിമയെ ലോക ചലച്ചിത്ര ഭൂപടത്തിൽ എത്തിച്ച രവീന്ദ്രനാഥൻ നായർക്ക് പുതുതലമുറ നൽകുന്ന ആദരവ് എന്ന നിലയ്ക്കാണ് പാട്ടിന്റെ കവർ വെർഷൻ ചിത്രീകരിച്ചിരിക്കുന്നത്. രവീന്ദ്രനാഥൻ നായരും കുടുംബാംഗങ്ങളും ചിത്രീകരണത്തിന്റെ ഭാഗമാകുന്നുണ്ട്.
2016-ൽ കെ.രവീന്ദ്രനാഥൻ നായരുടെ ജീവിതത്തെ അധികരിച്ച് രവി-കലയും ജീവിതവും എന്ന ശ്രദ്ധേയമായ ഡോക്ടയുമെന്ററി സംവിധാനം ചെയ്ത ബിജു വി.എസ്.തിരുമുല്ലവാരമാണ് പുതിയ ഗാന സിഡിയുടെയും സംവിധാനം നിർവഹിച്ചിട്ടുള്ളത്. ഇന്ത്യാ ഫുഡ് എക്സ്പോർട്ട് സിഇഒ സതീഷ് നായർ, അർജുൻ സതീഷ് നായർ, സിനിമാറ്റോഗ്രാഫർ രാജിഷ് ജി.കുറുപ്പ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.