ആലപ്പുഴ: ശുഭ്ര വസ്ത്രധാരിയാണെങ്കിലും ചങ്കിനും ചങ്കിലെ ചോരയ്ക്കും ചെങ്കൊടിയുടെ നിറമാർന്ന വിപ്ലവ നക്ഷത്രം കെ. ആർ. ഗൗരിയമ്മ വിട വാങ്ങിയിട്ട് ഇന്ന് മൂന്നാണ്ട്. കേരള രാഷ്ട്രീയത്തിലെ തന്നെ ഉരുക്കു വനിതയെന്നു വിശേഷണം ഗൗരിയമ്മയ്ക്ക് മാത്രം സ്വന്തം.
മരണം വരെയും കമ്യൂണിസത്തിന്റെ പ്രത്യയശാസ്ത്രത്തിലൂന്നിയ ജീവിതം നയിച്ച വ്യക്തിയാണ് ഗൗരിയമ്മ. 2021 മേയ് 11ന് 102ാം വയസിലാണ് വിപ്ലവനായിക വിടവാങ്ങിയത്. കേരളത്തിൽ ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം, ഏറ്റവും കൂടുതൽ കാലം എംഎൽഎയും, മന്ത്രിയുമായ വനിത തുടങ്ങിയ നിരവധി റിക്കാഡുകൾ ഗൗരിയമ്മയ്ക്കുണ്ട്.
ഭൂപരിഷ്കരണം, അഴിമതിനിരോധന നിയമം, വനിതാ കമ്മിഷൻ തുടങ്ങിയവയുടെ വരവിന് ചുക്കാൻ പിടിച്ചത് ഗൗരിയമ്മയാണ്.
സിപിഎമ്മിന്റെ നേതൃത്വത്തിൽ ഗൗരിയമ്മ അനുസ്മരണം ശനിയാഴ്ച എട്ടിനു വലിയ ചുടുകാട്ടിൽ നടന്നു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ന്ത്രി സജി ചെറിയാൻ അധ്യക്ഷനായ സമ്മേളനം സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു.