ആലപ്പുഴ: കേരളത്തിന്റെ വിപ്ലവനായിക, ആലപ്പുഴയുടെ സ്വന്തം കുഞ്ഞമ്മ ഇനി ജ്വലിക്കുന്ന ഓർമ. മരിക്കുന്പോൾ കമ്യൂണിസ്റ്റ് പാർട്ടി അംഗമല്ലാതിരുന്നിട്ടുകൂടി ആഗ്രഹം പോലെ തന്നെ വലിയചുടുകാട്ടിലെ മണ്ണിൽ അവർക്ക് അന്ത്യവിശ്രമമൊരുക്കി.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെയായിരുന്നു അന്ത്യം. തുടർന്ന് അവിടെ അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനു വച്ച ശേഷമായിരുന്നു ജന്മനാടായ ആലപ്പുഴയിലെത്തിച്ചത്.
ഭർത്താവ് ടി.വി. തോമസിനോടൊപ്പം ജീവിച്ച, അസുഖബാധിതയായി തിരുവനന്തപുരത്തേക്കു പോകുന്നതുവരെ കഴിഞ്ഞിരുന്ന ചാത്തനാട്ടെ വീട്ടിലേക്കായിരുന്നു ആദ്യം കൊണ്ടുവന്നത്.
അല്പസമയം പൊതുദർശനത്തിനു വച്ചശേഷം മൂന്നുമണിയോടെ തന്നെ ആലപ്പുഴ എസ്ഡിവി ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു.
കോവിഡിന്റെ വ്യാപനം മൂലമുള്ള നിയന്ത്രണങ്ങളുണ്ടായിട്ടുകൂടി തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ ജില്ലയിൽ നിന്നും അയൽജില്ലകളിൽനിന്നുമടക്കം ജനം ആലപ്പുഴയിലേക്കു ഒഴുകിയെത്തി.
ഒരുമണിക്കൂറിലധികം സമയം കഴിഞ്ഞതോടെ വലിയ ചുടുകാട്ടിലെ ശ്മാശനത്തിലേക്കു സംസ്കാരത്തിനായി കൊണ്ടുപോയി.
ഭർത്താവ് ടി.വി. തോമസ് അടക്കമുള്ള നേതാക്കളെ അടക്കിയിട്ടുള്ള മണ്ണിൽ തന്നെയായി ഗൗരിയമ്മയുടെയും അടക്കം. പോലീസിന്റെ ഗാർഡ് ഓഫ് ഓണറും നല്കി.
സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും ജെഎസ്എസ് അണികളുടെയും നേതൃത്വത്തിലായിരുന്നു ആലപ്പുഴയിലെ പൊതുദർശനം.
നേതാക്കളുടെയും പ്രവർത്തകരുടെയും ഗൗരിയമ്മയെ സ്നേഹിക്കുന്ന നാട്ടുകാരുടെയും നീണ്ടനിര തന്നെ അന്തിമോപചാരമർപ്പിക്കാനായി എത്തിയിരുന്നു.
മരണവിവരമറിഞ്ഞതു മുതൽ തന്നെ ചാത്തനാട്ടെ വീട്ടുമുറ്റത്തേക്ക് പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നുവെങ്കിലും എണ്ണത്തിൽ കുറവുണ്ടായിരുന്നു.
അന്തിമോപചാരം അർപ്പിക്കാൻ മുൻ മന്ത്രിമാരായ എം. വിജയകുമാർ, ജെ. മേഴ്സിക്കുട്ടിയമ്മ, എ.എം. ആരിഫ് എംപി, നിയുക്ത എംഎൽഎമാരായ സജി ചെറിയാൻ, പി.പി. ചിത്തരഞ്ജൻ, പി. പ്രസാദ്, മുൻ എംപിമാരായ സി.എസ്. സുജാത, ടി.ജെ. ആഞ്ചലോസ്, ജെഎസ്എസ് നേതാവ് രാജൻ ബാബു തുടങ്ങിയവർ വീട്ടിലും സ്പീക്കർ ശ്രീരാമകൃഷ്ണൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ജി. സുധാകരൻ, എസ്. ശർമ, പി. തിലോത്തമൻ, എ.എം. ആരിഫ് എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, നഗരസഭ ചെയർപേഴ്സണ് സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, വിപ്ലവഗായിക മേദിനി, എ.എ. ഷുക്കൂർ, സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, നിയുക്ത എംഎൽഎമാരായ ദലീമജോജോ, പി. പ്രസാദ്, തോമസ് കെ. തോമസ്, പി.സി. വിഷ്ണുനാഥ്, പി. രാജീവ്, വി.എൻ. വാസവൻ, ഐജി വിജയ് സാഖറെ, കളക്ടർ എ. അലക്സാണ്ടർ, ചാണ്ടി ഉമ്മൻ, എസ്യുസിഐ-കമ്യൂണിസ്റ്റ് ജില്ലാ സെക്രട്ടറി സീതിലാൽ, കെ.കെ. ഷാജു, ഇതിഹാസ് തുടങ്ങിയവർ എസ്ഡിവി ഹാളിലെത്തി അന്തിമോപചാരമർപ്പിച്ചു.
മോൻസ് ജോസഫ് വലിയ ചുടുകാട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. മന്ത്രി കെ. കൃഷ്ണൻ കുട്ടിക്കുവേണ്ടി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബിജിലി ജോസഫും സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിനു വേണ്ടി കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ. കുര്യനും പുഷ്പചക്രം സമർപ്പിച്ചു.
ചാത്തനാട്ടെ കളത്തിപ്പറന്പിൽ ഇനി ഓർമകൾ മാത്രം
ആലപ്പുഴ: ആലപ്പുഴയുടെ മണ്ണിൽ ആളനക്കങ്ങൾക്കൊണ്ടും രാഷ് ട്രീയത്തിരക്കുകൾക്കൊണ്ടും സന്പന്നമായിരുന്ന ചാത്തനാട്ടെ കളത്തിപ്പറന്പിൽ വീട് ഇനി ശൂന്യം.
അവശതകൾ തരണം ചെയ്തു നൂറുംപിന്നിട്ടു മുന്നേറിയ സ്വന്തം കുഞ്ഞമ്മ തിരിച്ചെത്തുമെന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കി ചൂളമടിച്ചെത്തിയ വാഹനത്തിൽ വന്നത് ചേതനയറ്റ ദേഹം.
ടി.വി. തോമസുമൊത്തുള്ള ദാന്പത്യ ജീവിതത്തിനും വേർപിരിയലിനും രാഷ്ട്രീയ ചർച്ചകൾക്കും ചുവടുമാറ്റങ്ങൾക്കും ഒക്കെ വേദിയായ വീട്ടിൽ ശേഷിക്കുന്നത് ഒരുപിടി ഓർമകൾ മാത്രം.
അസുഖബാധിതയായതിനെ തുടർന്ന് തിരുവനന്തപുരത്തേക്ക് യാത്രയായപ്പോഴും വീട് വൃത്തിയായി സൂക്ഷിക്കാൻ കൈക്കാരൻമാരെ കുഞ്ഞമ്മ ചുമതലപ്പെടുത്തിയിരുന്നു.
വിയോഗവാർത്തയറിഞ്ഞ് സഹായി ബേബി അടക്കമുള്ളവർ അതിരാവിലെ തന്നെ വീട്ടിലെത്തി. ആയിരങ്ങൾ തിങ്ങിക്കൂടേണ്ടിയിരുന്ന വീട്ടുമുറ്റം ലോക്ക്ഡൗണ് നിയന്ത്രണങ്ങളിൽ ഉച്ചവരെ ശാന്തമായി കിടന്നു.
അണികളും അയൽവാസികളും ഇടയ്ക്കിടെ വന്നുപോയതുമാത്രമായിരുന്നു ആകെയുണ്ടായിരുന്ന ആളനക്കം. അകത്തു പ്രവേശിക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നിരുന്ന വീടിന്റെ മതിൽക്കെട്ടിനകത്ത് ആദ്യമായി ഗൗരിയമ്മയുടെ അനുവാദമില്ലാതെ പലരും കയറിയിറങ്ങി.
ഇന്നലെ ഉച്ചയ്ക്ക് 2.45നാണ് ഗൗരിയമ്മയേയും വഹിച്ചുള്ള ആംബുലൻസ് എത്തിയത്. എന്നും അതിഥികളെ വരവേൽക്കാനും സംസാരിക്കാനും വന്നിരിക്കാറുള്ള വിശാലമായ ഹാളിൽ അവസാനമായി കുഞ്ഞമ്മ കിടന്നു. ടി.വി. തോമസിനൊപ്പം നിൽക്കുന്ന ദൃശ്യങ്ങളെ സാക്ഷിയാക്കി പ്രിയപ്പെട്ടവർ യാത്രാമൊഴിചൊല്ലി.