തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആദ്യ വില്പന നടത്തും.
ശബരി കെ റൈസ് എന്ന ബ്രാൻഡിൽ സപ്ലൈകോ സ്റ്റോറുകൾ വഴിയാണ് സർക്കാർ അരി വിതരണം ചെയ്യുന്നത്. ജയ, കുറുവ, മട്ട എന്നിവ വിതരണം ചെയ്യും. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക. ബാക്കി അഞ്ച് കിലോ സപ്ലൈകോ വഴി കിട്ടും.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെ റൈസ് വിൽപ്പന സർക്കാർ വേഗത്തിലാക്കിയത്. ശബരി കെ-റൈസ് ബ്രാൻഡഡ് സഞ്ചിയിലാണ് അരി വിതരണം ചെയ്യുക. ഒരു സഞ്ചി 13-14 രൂപയാണ് വില. പരസ്യത്തിലൂടെയാണ് സഞ്ചിക്കുള്ള തുക കണ്ടെത്തുന്നതെന്ന് മന്ത്രി ജി. ആർ. അനിൽ വ്യക്തമാക്കി.