തിരുവനന്തപുരം: കർണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയ്ക്കെതിരേ തിരുവനന്തപുരം വിമാനത്താവളത്തിൽ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാട്ടി. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് വിമാനമാർഗം പോകാൻ വിമാനത്താവളത്തിലെത്തിയ യെദിയൂരപ്പയുടെ വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി കെഎസ്യു പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ചാടി വീഴുകയായിരുന്നു.
വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ഏരിയയിലായിരുന്നു പ്രതിഷേധം. പാർക്കിംഗ് ഏരിയ ഭാഗത്ത് ഒളിച്ചിരുന്ന മൂന്ന് കെഎസ്യു പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. ഇന്നലെ തന്പാനൂരിൽ വച്ച് യെദിയൂരപ്പയെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാട്ടിയതിനെ തുടർന്ന് കൂടുതൽ പോലീസിനെ വിന്യസിച്ചിരുന്നെങ്കിലും പ്രതിഷേധക്കാരെ നേരത്തെ കണ്ടെത്തി തടയാൻ പോലീസിന് സാധിക്കാതിരുന്നത് ഗുരുതര സുരക്ഷാവീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.