കാസർഗോഡ്: കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാനുള്ള നീക്കം മുഖ്യമന്ത്രി പിണറായി വിജയൻ ഉപേക്ഷിച്ചതിനെതിരെ കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കുള്ളതിനാലാണ് അദ്ദേഹം സന്ദർശനം വേണ്ടെന്നു വച്ചതെന്നും ഇത് തീർത്തും വേദനാജനകമാണെന്നും കൃഷ്ണൻ പറഞ്ഞു.
ഇനി കേസിൽ സിബിഐ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി തങ്ങളുടെ വീടുകൾ സന്ദർശിക്കണമെന്ന് കൃഷ്ണനും കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛനും ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി വീട്ടിലെത്തിയാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നായിരുന്നു കൃഷ്ണൻ പറഞ്ഞിരുന്നത്. നേരത്തെ, ഇരുവീടുകളും സന്ദർശിക്കാൻ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചതിനേത്തുടർന്ന് സിപിഎം ജില്ലാ നേതൃത്വം കാസർഗോഡ് ഡിസിസിയുമായി ബന്ധപ്പെട്ടിരുന്നു.
എന്നാൽ, പിന്നീട് പ്രാദേശിക പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന പോലീസ് റിപ്പോർട്ട് പരിഗണിച്ച് സന്ദർശനം വേണ്ട എന്ന നിലപാടിലേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം.