കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. പോലീസിന്റെ അന്വേഷണത്തെ കോടതി അതിരൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഏപ്രിലിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കേസിൽ രാഷ്ട്രീയ ചായ്വടക്കം വിശദമായി അന്വേഷണിക്കണമെന്നാവശ്യപ്പെട്ടാണ് കോടതി കേസ് സിബിഐക്ക് വിട്ടത്.
കേസിലെ അന്വേഷണ സംഘത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. രണ്ട് യുവാക്കൾ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്നും കേസിൽ ഗൗരവപൂർണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രം സമർപ്പിച്ചതിൽ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാൽ പോലും പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിട്ടിക്കാ.
ഇത്തരത്തിൽഡ സുപ്രധാനമായ കേസിൽ ഫോറൻസിക് സർജന്റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്താത്തതിനെയും കോടതി നിശിതമായി വിമർശിച്ചു. വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണമാണ് നടന്നതെന്ന് തുറന്നടിച്ച കോടതി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് ആദ്യ പ്രതിയുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്താണെന്നും ചൂണ്ടിക്കാട്ടി. അഞ്ചാം പ്രതിയുടെ മൊഴി സുവിശേഷമാക്കിയാണ് അന്വേഷണം നടന്നതെന്നും കോടതി കുറ്റപ്പെടുത്തി. സാക്ഷികളെക്കാൾ പ്രതികളെയാണ് പോലീസ് അന്വേഷണത്തിൽ വിശ്വാസത്തിലെടുത്തതെന്നും കോടതി ആരോപിച്ചു.
2019 ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ഇരുവരും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.