കാസർഗോഡ്: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം നടന്നയുടന്‍ സാമൂഹിക മാധ്യമങ്ങളിലടക്കം ഏറ്റവുമധികം ചര്‍ച്ചയായത് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവവുമായുള്ള സാദൃശ്യമാണ്.
2019 ഫെബ്രുവരി 17 നാണ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കല്യോട്ട് ഭഗവതിക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിനായുള്ള ആഘോഷകമ്മിറ്റി രൂപീകരണയോഗം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ആഘോഷകമ്മിറ്റി വോളണ്ടിയര്മാരായിരുന്ന ശരത് ലാലും കൃപേഷും ആക്രമിക്കപ്പെട്ടത്.
പെരിയയിൽ സംഭവിച്ചത്
യോഗം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോയി എല്ലാ ഇടവും വൃത്തിയാക്കിക്കഴിഞ്ഞ് വൈകിട്ട് ഏഴരയോടെയാണ് വോളണ്ടിയര്‍മാര്‍ വീടുകളിലേക്ക് മടങ്ങിയത്. സ്വന്തമായി വാഹനമില്ലാതിരുന്ന ശരത്തിനെ ബൈക്കില്‍ വീട്ടില്‍ കൊണ്ടുവിടാന്‍ കൃപേഷ് ഒപ്പം പോയതായിരുന്നു.
ഒരു കല്യാണവീട്ടില്‍ പോയതിനുശേഷം ഇതേവഴിയില്‍ ജീപ്പില്‍ മടങ്ങുകയായിരുന്ന സഹോദരി അമൃത ഉള്‍പ്പെടെയുള്ള ബന്ധുക്കളാണ് മൃതപ്രായനായി റോഡില്‍ കിടക്കുകയായിരുന്ന ശരത്തിനെ കണ്ടത്. തൊട്ടടുത്ത വാഴത്തോട്ടത്തില്‍ വീണുകിടക്കുകയായിരുന്ന കൃപേഷിന്റെ ജീവന് അതിനകം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു.
സംഭവം നടന്ന് ദിവസങ്ങള്‍ക്കകം തന്നെ പ്രധാന പ്രതി പീതാംബരനും സഹായി സജി ജോര്‍ജും കസ്റ്റഡിയിലായി. ഫെബ്രുവരി 25 ന് കേസന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.എം. പ്രദീപ് തലവനായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം രൂപീകരിച്ചു.
ശരത്തിന്റെ മരണമൊഴിയില്‍ പേര് പരാമര്‍ശിച്ചിട്ടുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകനും സിപിഎം പ്രാദേശിക നേതാവ് ഗംഗാധരന്റെ മകനുമായ ഗിജിന്‍, കെ.എം. സുരേഷ്, അനില്‍ കുമാര്‍, ശ്രീരാഗ്, അശ്വിന്, മുരളി, രഞ്ജിത്, പ്രദീപ്, മണി എന്നീ പ്രതികളെ അറസ്റ്റ് ചെയ്തു. ഗള്‍ഫിലേക്ക് രക്ഷപ്പെട്ട എട്ടാം പ്രതി സുബീഷ് മെയ് 17 ന് നാട്ടിലെത്തി കീഴടങ്ങി.
ഇവരോടൊപ്പം സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്, ഉദുമ ഏരിയാ സെക്രട്ടറിയും ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയുമായ കെ. മണികണ്ഠന് എന്നിവരെകൂടി പ്രതിചേര്‍ത്ത് മെയ് 20 ന് ഹോസ്ദുര്‍ഗ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഈ രണ്ട് സിപിഎം നേതാക്കള്‍ക്കും പന്ത്രണ്ടാം പ്രതി മണിക്കും പിന്നീട് ജാമ്യം ലഭിച്ചു. മറ്റു 11 പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്.
സിബിഐ അന്വേഷണം
അന്വേഷണസംഘം ഏതാനും പ്രതികളെ രക്ഷപ്പെടുത്താനും കേസ് അട്ടിമറിക്കാനും ശ്രമിക്കുന്നതായി ആരോപിച്ച് ശരത് ലാലിന്റെ പിതാവ് സത്യനാരായണനും കൃപേഷിന്റെ പിതാവ് കൃഷ്ണനും സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30 നാണ് ഈ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയും കേസന്വേഷണം സിബിഐക്ക് വിടുകയും ചെയ്തു.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന് ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും കഴിഞ്ഞ 25 ന് ഹൈക്കോടതി അപ്പീല്‍ തള്ളുകയായിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കേസ് ഫയലുകള്‍ കൈമാറാത്തതിനാല്‍ സിബിഐ അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ല.
പെരിയയും വെഞ്ഞാറമൂടും തമ്മിൽ..
ശരത് ലാലിനെ വീട്ടില്‍ കൊണ്ടുവിടാനായി ബൈക്കില്‍ പോകുന്ന വഴിക്കാണ് ശരത് ലാലും കൃപേഷും ആക്രമിക്കപ്പെട്ടത്. വെഞ്ഞാറമൂട് ഹഖ് മുഹമ്മദിനെ വീട്ടില്‍ കൊണ്ടുവിടാനായിരുന്നു മിഥിലാജിന്റെ ബൈക്കില്‍ പുറപ്പെട്ടത്.
പെരിയ സംഭവത്തില്‍ നിന്ന് വ്യത്യസ്തമായി മൂന്നാമതൊരാള്‍ കൂടി ഒപ്പമുണ്ടായിരുന്നുവെന്നു മാത്രം.പെരിയ സംഭവത്തില്‍ അക്രമിസംഘം എത്തിയത് കാറിലായിരുന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ കാറിടിച്ചു വീഴ്ത്തിയ ശേഷം ആക്രമിക്കുകയാണ് ഉണ്ടായത്.
വെഞ്ഞാറമൂട് സംഭവത്തില്‍ അക്രമിസംഘം എത്തിയതും ബൈക്കുകളിലാണ്. ആക്രമിക്കപ്പെട്ട ബൈക്കിലുണ്ടായിരുന്ന മിഥിലാജും ഹക്കും ഷഹീലും അടങ്ങിയ മൂവര്‍ സംഘവും അക്രമികളും തമ്മില്‍ അല്പനേരത്തെ വാക്കേറ്റത്തിനു ശേഷമാണ് അക്രമത്തിലേക്കെത്തിയത്.
അതിനിടെ ഷഹീല്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. വെട്ടേറ്റ മിഥിലാജ് സംഭവസ്ഥലത്തും ഹഖ് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പെരിയ സംഭവത്തില്‍ കൃപേഷ് സംഭവസ്ഥലത്തുവച്ചും ശരത് ലാല്‍ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയുമാണ് മരിച്ചത്.
ഇരു സംഭവങ്ങൾക്ക് പിന്നിലെ കാരണങ്ങൾ ഏതായാലും നാടിന് നഷ്ടമായത് നല്ല നാളേക്കായി സമൂഹത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്ന നാല് യുവാക്കളെ. അന്വേഷണങ്ങൾ മുറപോലെ നടക്കുകയും പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്താലും ആ നാല് പേരുടെ കുടുംബങ്ങളിലെ കണ്ണീർ എങ്ങനെ തോരാനാണ്.