പാലക്കാട് : കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ തുരത്തിയോടിക്കാൻ കേരളത്തിലെ കർഷകർക്കും അനുവാദം നല്കണമെന്ന് ആവശ്യപ്പെട്ടു കത്തോലിക്ക കോണ്ഗ്രസ് പാലക്കാട് രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ കർഷകറാലിയും ധർണയും നാളെ. രാവിലെ പത്തരയ്ക്ക് ഒലവക്കോട് സെന്റ് ജോസഫ് ഫൊറോനാപ്പള്ളിയിൽ നിന്ന് ഒലവക്കോട് ഫോറസ്റ്റ് ചീഫ് കണ്സർവേറ്ററുടെ ഓഫീസിലേയ്ക്ക് കർഷക റാലി പുറപ്പെടും.
തുടർന്ന് ധർണ്ണാ സമരം കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ഉദ്ഘാടനം ചെയ്യും. റാലിയുടെ ഫ്ളാഗ് ഓഫ് കർമ്മം കത്തോലിക്ക കോണ്ഗ്രസ് രൂപത ഡയറക്ടർ റവ. ഡോ. ജോർജ്ജ് തുരുത്തിപ്പള്ളി നിർവ്വഹിക്കും. ഒലവക്കോട് ഫൊറോന വികാരി റവ. ഫാ. സെബാസ്റ്റ്യൻ താമരശേരി പങ്കെടുക്കും. ഗ്ലോബൽ, രൂപതാ ഭാരവാഹികൾ പ്രസംഗിക്കും.
വന്യമൃഗങ്ങളിൽ നിന്നും മനുഷ്യജീവന് സംരക്ഷണം നല്കുക, കാട്ടാനകൾ ജനവാസമേഖലകളിലേയ്ക്ക് കടന്നുവരുന്നത് തടയാൻ റെയിൽ വൈദ്യുതവേലി സ്ഥാപിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, ഇ.എഫ്.എൽ എന്ന കർഷക വിരുദ്ധനിയമം റദ്ദാക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുവാൻ സമഗ്ര ശാസ്ത്രീയ പഠനം നടത്തുക, കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ തുരത്തിയോടിക്കാൻ കർഷകർക്ക് അനുവാദം നല്കുക, ഓരോ പ്രദേശത്തെയും പ്രശ്നം സമഗ്രമായി പഠിക്കാൻ കർഷകരെക്കൂടി ഉൾപ്പെടുത്തി വിദഗ്ദ്ധ സമിതികളെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
വന്യമൃഗങ്ങളാൽ നശിപ്പിക്കപ്പെടുന്ന കാർഷിക വിളകൾക്ക് അർഹമായ നഷ്ടപരിഹാരം നല്കുക, നഷ്ടപരിഹാരം കാലാനുസൃതമായി പുതുക്കി നിശ്ചയിക്കാനും വിതരണം ചെയ്യാനും ഓരോ ജില്ലയിലും സ്വതന്ത്ര ചുമതലയുള്ള ജുഡീഷ്യൽ അധികാരത്തോടുകൂടിയ ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തുക, വന്യജീവി ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാര വിതരണത്തിനുള്ള കാലതാമസം ഒഴിവാക്കുക, കുടിയേറ്റ കർഷകരെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന വനംവകുപ്പിന്റെ നടപടികൾ അവസാനിപ്പിക്കുക, കുടിയേറ്റ കർഷകരോടുള്ള ശത്രുതാ മനോന്ധാവം വനപാലകർ അവസാനിപ്പിക്കുക, കൃഷിഭൂമിയിൽ പ്രവേശിച്ച് കാർഷിക വിളകൾക്ക് നാശനഷ്ടം വരുത്തുന്ന വന്യമൃഗങ്ങളിൽ നിന്നും കൃഷിഭൂൂമി സംരക്ഷിക്കാനുള്ള അവകാശം, ഇൻഡ്യയിലെ മറ്റു പല സംസ്ഥാനങ്ങളിലുമുള്ളതുപോലെ കേരളത്തിലെ കർഷകർക്കും നല്കുക, വനാന്തരങ്ങളിൽ ജലസംന്ധരണികൾ നിർമ്മിച്ചുകൊണ്ട് ജലവും ഫലവൃക്ഷങ്ങളും ഈറ്റയും മുളയും വെച്ചുപിടിപ്പിച്ചുകൊണ്ട് തീറ്റയും വന്യമ്യഗങ്ങൾക്ക് ലഭ്യമാക്കുക, കർഷകരുടെ ജീവനും നിലനില്പ്പിനും ഉതകുന്നവിധം വനംവകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കത്തോലിക്ക കോണ്ഗ്രസ് പാലക്കാട് രൂപതാ സമിതി കർഷക റാലിയും ധർണ്ണയും സംഘടിപ്പിക്കുന്നത്.
പാലക്കാട് രൂപതയിലെ മുഴുവൻ ഫെറോനകളിൽ നിന്നുമുള്ള കത്തോലിക്ക കോണ്ഗ്രസ് പ്രതിനിധികളും കർഷക പ്രതിനിധികളും പ്രത്യക്ഷ സമരപരിപാടികളിൽ പങ്കെടുക്കും.