ചങ്ങനാശേരി: റഷ്യയിൽനിന്നു നാട്ടിലെത്തി വീട്ടിൽ ക്വാറന്ൈറനിൽ കഴിഞ്ഞിരുന്ന എംബിബിഎസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ തൃക്കൊടിത്താനം പോലീസ് അന്വേഷണം ആരംഭിച്ചു. പായിപ്പാട് പുത്തൻകാവ് ഭാഗത്ത് അന്പിത്താഴത്ത് പ്രമോദിന്റെ മകൾ കൃഷ്ണപ്രിയയാണ് മരിച്ചത്.
ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പെണ്‍കുട്ടിയുടെ മരണകാരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കുന്നത്.
കൃഷ്ണപ്രിയയ്ക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കൾ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പെണ്‍കുട്ടിയുടെ മൊബൈൽഫോണ്‍ കോളുകളും ലാപ്ടോപ്പും ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ട് ലഭിച്ചശേഷമേ കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് തൃക്കൊടിത്താനം പോലീസ് പറയുന്നത്. കൃഷ്ണപ്രിയയുടെ സംസ്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ നടക്കും. കൃഷ്ണപ്രിയയുടെ കോവിഡ്-19 പരിശോധനാഫലം നെഗറ്റീവാണെന്നു കണ്ടെത്തിയതായി പോലീസ് പറഞ്ഞു.