കായംകുളം : ജ്വല്ലറിയുടെ ഭിത്തിതുരന്ന് കവർച്ച നടത്തിയ കേസിലെ പ്രതികളെ പോലീസ് പിടികൂടിയത് സിസിടി വി കാമറകളിൽ നിന്നു ലഭിച്ച നിർണായക തെളിവുകൾ പിന്തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ.
തമിഴ്നാട് കടലൂർ സ്വദേശി കണ്ണൻ, കായംകുളം കായംകുളം കീരിക്കാട് മാടവന കിഴക്കേതിൽ ആടു കിളി എന്ന് വിളിക്കുന്ന നൗഷാദ്(45 ) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 10ന് രാത്രിയിലായിരുന്നു കായംകുളം സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം നടത്തിയത്. തമിഴ്നാട് സ്വദേശി കണ്ണൻ നിരവധി മോഷണക്കേസുകളിലും കൊലപാതകക്കേസിലും പ്രതിയാണ്.
തിരുവനന്തപുരം കല്ലറയിൽ ജ്വല്ലറി മോഷണത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിലെ പ്രതിയാണ് കണ്ണനെന്ന് പോലീസ് പറഞ്ഞു.
ഈ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു പരോളിൽ ഇറങ്ങിയ ശേഷമാണ് ഇയാൾ കായംകുളത്ത്മോഷണം നടത്തിയത്.
കായംകുളം സ്വദേശി ആടുകിളി നൗഷാദ് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ പൊളിച്ച് മോഷണം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.
ജയിലിൽ വെച്ച് കണ്ണനുമായി പരിചയപ്പെട്ടശേഷം മോഷണം നടത്താൻ പദ്ധതി തയാറാക്കുക ആയിരുന്നു.
നിരീക്ഷണ കാമറകളിലെ രഹസ്യം!
ആദ്യ ഘട്ടത്തിൽ കായംകുളം നഗര പ്രദേശത്തെ സിസിടിവി കാമറകൾ പരിശോധിച്ചു. ഇവിടെ നിന്നും ചില നിർണായക സൂചനകൾ ലഭിച്ചതോടെ അന്വേഷണ സംഘം, പോലീസിന്റെ തന്നെ ജില്ലാ അതിർത്തികളിലെ നിരീക്ഷണ കാമറകൾ പരിശോധിച്ചു.
എറണാകുളം മുതൽ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, നെടുമങ്ങാട്, തെന്മല, ആര്യൻങ്കാവ്, വരെയുള്ള ഇരുനൂറിലധികം സി സി ടി വി കാമറകൾ പരിശോധിച്ചു.
ഇതിൽ നിന്നും മോഷ്ടാക്കളുടെ സഞ്ചാര പാത അന്വേഷണ സംഘം കണ്ടെത്തി. പിന്നീട് സമാന രീതിയിൽ മുമ്പ് മോഷണം നടത്തിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ പ്രതികളെ കൃത്യമായി കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞു.
സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ എസ്. ബിനുമോൻ , ലിമു മാത്യു, നിഷാദ്, ബിജുരാജ് എന്നിവർ തമിഴ്നാട്ടിലെ കടലുരുള്ള പ്രതിയുടെ ഗ്രാമത്തിലെത്തി തന്ത്രപരമായാണ് വലയിലാക്കിയത്.
കരീലകുളങ്ങര സിഐ സുധിലാൽ, എസ് ഐ ഇല്യാസ്, എഎസ്ഐ സന്തോഷ്, സിവിൽ പോലീസ് ഓഫീസർ മാരായ ബിനുമോൻ, ലിമു മാത്യു, ഗിരീഷ്, മണിക്കുട്ടൻ, നിഷാദ്, ഹരികൃഷ്ണൻ, ഷാഫി, ഷാജഹാൻ, അജിത്, ഇയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.