വി. അഭിജിത്ത്
പാലക്കാട്: കോവിഡ് കാലത്ത് പച്ചക്കറി കൃഷിക്കായി ഒഴിവുസമയം മാറ്റിവച്ച് പുതിയ മാതൃകയാകുകയാണ് കൊടുവായൂരിലെ ഒരുകൂട്ടം യുവാക്കൾ. തരിശായി കിടക്കുന്ന 70 സെന്റ് നിലം പാട്ടത്തിനെടുത്താണ് 50 ഓളം യുവാക്കൾ ജൈവികമായി വിവിധയിനം പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നത്.
കൊടുവായൂർ യുവധാര ക്ലബിന്റെയും ചിന്ത ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിലാണ് പച്ചക്കറി കൃഷി നടത്തുന്നത്. വിളവെടുപ്പിൽനിന്നും ലഭിക്കുന്ന ലാഭം ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കോവിഡിനെ തുടർന്ന് ലോക് ഡൗണ്‍ ഏർപ്പെടുത്തിയപ്പോഴാണ് യുവാക്കൾ ഒത്തുചേർന്ന് കൃഷിചെയ്യാൻ തുടങ്ങിയത്.
ഇതിനുമുന്‍പ് ചിന്താ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സന്പൂർണ ലോക് ഡൗണ്‍ സമയത്ത് പച്ചക്കറി കിറ്റ് വിതരണം, കിടപ്പുരോഗികൾക്കായി മരുന്ന് വീട്ടിൽ എത്തിച്ചുനല്കൽ, ഓണ്‍ലൈൻ പഠനത്തിനു വിദ്യാർഥികൾക്കു ടിവി വിതരണം എന്നിവ ഇതിനകം നടത്തി.
ഒരാഴ്ചമുന്പ് കെ.ബാബു എംഎൽഎ വിളവെടുപ്പിന്റെ ഉദ്ഘാടനം നടത്തി അന്നേദിവസം 30 കിലോ വെണ്ടയ്ക്ക, 20 കിലോ പയർ, വഴുതന എന്നിവയുടെ വിളവെടുപ്പും നടത്തി.
എല്ലാവിളകളും ജൈവികമായ രീതിയിൽ കൃഷി ചെയ്യുന്നതിനാൽ പുറത്ത് കടകളിൽ എത്തിക്കുന്നതിനു മുന്‍പേതന്നെ ആവശ്യക്കാർ നേരിട്ടെത്തി പച്ചക്കറി വാങ്ങികൊണ്ടുപോകുന്നുണ്ടെന്ന് ക്ലബ് സെക്രട്ടറി ജി.ഗോകുൽ ദാസ് പറഞ്ഞു.
ഇപ്പോൾ ദിവസവും പത്തുകിലോയിൽ കുടുതൽ വിളവ് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോക് ഡൗണിൽ തുടങ്ങിയ പരീക്ഷണം തുടർന്ന് കൊണ്ടുപോകാനാണ് ആഗ്രഹമെന്ന് പാലക്കാട് സിവിൽസ്റ്റേഷനിൽ പിഡബ്ല്യുഡി ഡിപ്പാർട്ട്മെന്റിൽ ക്ലാർക്കായി ജോലിചെയ്യുന്ന ഗോകുൽദാസ് പറഞ്ഞു.
ക്ലബിന്റെ സെക്രട്ടറിയും കൊടുവായൂർ ഗവണ്മെന്റ് സ്കൂളിലെ പി ടി അധ്യാപകനുമായ ഐ.സാദിക്കും ഉൾപ്പെടെ 50 ഓളം പ്രവർത്തകരാണ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്നത്.