നെന്മാറ : ഒന്നാംവിള നടീൽ കഴിഞ്ഞ നെൽപ്പാടങ്ങളിൽ വെള്ളം കുറഞ്ഞതോടെ ഞണ്ടുകൾ പെരുകി. ചൂടും മഴ കുറവും നെൽപ്പടങ്ങളിൽ അമിതമായ രീതിയിൽ ചെറു ഞണ്ടുകൾ പെരുകാൻ ഇടയായി. നടീൽ കഴിഞ്ഞ നെൽച്ചെടികളുടെ മണ്ണിനോട് ചേർന്ന ഭാഗം മുറിച്ചിട്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്.
പോത്തുണ്ടി, ചെട്ടിച്ചിപാടം, മരുതഞ്ചേരി, തുടങ്ങിയ പ്രദേശങ്ങളിലാണ് ഞണ്ട് ശല്യം രൂക്ഷമായത്. ഞണ്ടുകളുടെ ആക്രമണം വ്യാപകമായതോടെ നട്ട നെൽച്ചെടികൾ തമ്മിലുള്ള അകലം വർദ്ധിച്ച് ഒഴിവുകൾ വന്നുതുടങ്ങിയെന്ന് കർഷകർ പരാതിപ്പെടുന്നു.
നട്ടു തീർന്ന് രണ്ടാഴ്ച കഴിയുന്നതോടെ പാടങ്ങൾ ചിനപ്പുകൾ പൊട്ടി ഇടതൂർന്ന് വളരേണ്ട സമയത്ത് മഴ ഇല്ലാതായതോടെ ഞണ്ട് ശല്യം രൂക്ഷമായി.
ഞണ്ട് ശല്യം വർദ്ധിച്ചതോടെ ഞണ്ടിനെ നശിപ്പിക്കുന്നതിനായി കർഷകർ കീടനാശിനികൾ പ്രയോഗിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അനുകൂല കാലാവസ്ഥയായതിനാൽ ഞണ്ടുകൾ അനിയന്ത്രിതമായി പെരുകിയതാണ് കർഷകർക്ക് ബുദ്ധിമുട്ടായത്.
ഒന്നാംവിള കൊയ്തെടുത്തു കഴിഞ്ഞാൽ പാടശേഖരങ്ങളിൽ താറാവ് കൂട്ടം വന്നിറങ്ങുന്ന പതിവുണ്ട്. താറാവ് കൂട്ടം ഇറങ്ങുന്നതോടെ ഞണ്ടുകളെ തിന്നു നശിപ്പിക്കുമെന്നതും കർഷകർ കൃഷിയിടത്തിൽ താറാവ് ഇറക്കാൻ താൽപര്യം കാണിക്കും.
താറാവ് കൂട്ടത്തിന്റെ കോലാഹലം കേൾക്കുന്നതോടെ ഞണ്ടുകൾ മാളത്തിനകത്ത് കയറുന്നതിനാൽ ഞണ്ടുകളുടെ എണ്ണത്തിൽ കുറവ് വരുന്നില്ല എന്നും കർഷകർ പറയുന്നു.