വരന്തരപ്പിള്ളി : കവരംപിള്ളിയിൽ ജനവാസമേഖലയിൽ ഒരാഴ്ചയായി തന്പടിച്ചിരിക്കുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കൃഷി നശിപ്പിക്കുന്നതു കണ്ടെത്തിയ വീട്ടുകാർ ആനയുടെ ആക്രമണത്തിൽനിന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടത്. വേങ്ങക്കൽ തോമസും കുടുംബവുമാണ് ഓടി രക്ഷപ്പെട്ടത്.
കന്പിവേലി തകർക്കുന്ന ശബ്ദം കേട്ടാണ് തോമസും കുടുംബവും പുറത്തിറങ്ങിയത്. ടോർച്ചടിച്ചയുടൻ ആന തോമസിനു നേരെ തിരിയുകയായിരുന്നു. ആന വരുന്നതു കണ്ട് ഇവർ വീടിനകത്തേക്ക് ഓടുകയായിരുന്നു.
പ്രദേശവാസികളായ മഞ്ഞളി സെബി, പോളച്ചൻ, വേങ്ങക്കൽ തോമസ്, ബേബി, കടലങ്ങാട്ട് സണ്ണി, കള്ളിക്കാട്ട് പീറ്റർ, പൊന്നന്പത്ത് റുഖിയ, മലയൻ ഉണ്ണികൃഷ്ണൻ എന്നിവരുടെ പറന്പുകളിലാണു കാട്ടാനകൾ ഇറങ്ങി വ്യാപക നാശനഷ്ടം വരുത്തിയത്.
400 മീറ്ററോളം കന്പിവേലിയും 350 ഓളം വാഴയും ആനകൾ നശിപ്പിച്ചു. 50 ഓളം തെങ്ങുകൾ കുത്തിമറിച്ചിട്ട ആനകൾ ജാതിയും, കവുങ്ങും, റബർ മരങ്ങളും വ്യാപകമായി നശിപ്പിച്ചു.ഒരാഴ്ചയായി രണ്ടു കാട്ടാനകൾ മേഖലയിൽ തന്പടിച്ചിരിക്കുകയാണെന്ന് വീട്ടുകാർ പറയുന്നു.
രാത്രി എട്ടുമണിയോടെ എത്തുന്ന ആനകൾ വീടുകൾക്കു ചുറ്റിലും നാശനഷ്ടം വരുത്തിയ ശേഷം രാവിലെയാണു പോകുന്നത്. അടുത്തടുത്തു വീടുകളുള്ള മേഖലയിൽ കാട്ടാനശല്യം രൂക്ഷമായതോടെ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
ദിവസങ്ങളായി ജനവാസ കേന്ദ്രത്തിൽ ഭീതിപരത്തുകയും നാശനഷ്ടം വരുത്തുകയും ചെയ്യുന്ന ആനകളെ തുരത്താൻ വന വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. ആയിരക്കണക്കിനു രൂപയുടെ നഷ്ടമാണ് വീട്ടുകാർക്കു സംഭവിച്ചിരിക്കുന്നത്.
പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ആനകളെ തുരത്താൻ വീട്ടുകാർ ശ്രമിക്കുന്പോൾ ആനകൾ ആക്രമിക്കാൻ വരികയാണെന്നാണ് പറയുന്നത്. കാട്ടാനശല്യത്തിൽനിന്ന് രക്ഷനേടാൻ വനപാലകർ നടപടിയെടുക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങി ഭീതി പരത്തിയിട്ടും വനംവകുപ്പ് മൗനം പാലിക്കുകയാണെന്ന് കോണ്ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റി ആരോപിച്ചു.