പുൽപ്പള്ളി: ഒട്ടേറെ പ്രതിസന്ധികൾ വിലങ്ങുതടിയായി നിൽക്കുന്പോഴും പുഞ്ചകൃഷി മുടക്കാതെ ഇക്കുറിയും ഞാറുനടുകയാണ് മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിലെ സീതാമൗണ്ട് കൊളവള്ളി പാടത്തെ കർഷകർ.
വേനൽ കനക്കുന്പോഴും കബനിനദിയിൽ നിന്നും വെള്ളം പന്പുചെയ്ത് വയലൊരുക്കിയാണ് ഞാറ് നടുന്നത്. അതുകൊണ്ടുതന്നെ കൊളവള്ളിയിലെ സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഇപ്പോൾ തിരക്കിലാണ്.
പാടത്ത് നഞ്ചകൃഷി വിളവെടുത്തിട്ട് അധികമായിട്ടില്ല. നെല്ലിന് വിലയില്ലാതായതും വൈക്കോൽ വാങ്ങാനാളില്ലാത്തതുമെല്ലാം കർഷകർക്ക് ഇത്തവണ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
സാന്പത്തികമായി പ്രയാസങ്ങളേറെയുണ്ടെങ്കിലും പതിവായി ചെയ്യുന്ന പുഞ്ചകൃഷിയെ കൈവിടാൻ കൊളവള്ളിയിലെ ഒരു പറ്റം കർഷകർ തയാറല്ല എന്നതിന് തെളിവാണ് ഇപ്രാവശ്യത്തെ കൃഷി.
കബനിനദിയോട് ചേർന്നുകിടക്കുന്നതാണ് ഇവിടത്തെ പാടങ്ങൾ. വനമേഖലയായതിനാൽ വന്യമൃഗശല്യം അതിരൂക്ഷമാണ് . പട്ടാപ്പകൽപോലും കാട്ടാനകൾ കൃഷിയിടത്തിലെത്തുന്ന പ്രദേശം കൂടിയാണിവിടം.
പാടത്തിന്റെ അതിർത്തിയിൽ ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിക്കാനുള്ള തൂണുകളുടെ നിർമാണപ്രവൃത്തികൾ നടന്നുവരുന്നുണ്ട്. പദ്ധതി പ്രാവർത്തികമാകുന്നതുവരെ വന്യമൃഗശല്യത്തിന് അറുതിയുണ്ടാവില്ലെന്ന് കർഷകർ തന്നെ പറയുന്നു.
വെള്ളം തേടിയുള്ള യാത്രയിൽ കബനി നദിയിലെത്തുന്ന കാട്ടാനകൾ നദി കടന്ന് കൊളവള്ളി അടക്കമുള്ള പ്രദേശങ്ങളിലെത്തുന്നത് പതിവാണ്.
കൂട്ടത്തോടെ കാട്ടാനകളെത്തിയാൽ കൃഷി വ്യാപകമായി നശിപ്പിക്കപ്പെടും. എല്ലാവർഷവും ഇത് പതിവാണെങ്കിലും വിത്തെറിയൽ കർഷകർ മുടക്കാറില്ല.
ആതിര, ഉമ, വലിച്ചൂരി തുടങ്ങിയ ഇനത്തിൽപ്പെട്ട നെല്ലുകളാണ് കൊളവള്ളിയിലെ പാടത്ത് കൂടുതലായി നടാറുള്ളത്. കഴിഞ്ഞവർഷം കൊളവള്ളിയിലെ പാടത്തിന്റെ ഒരു ഭാഗത്ത് വനംവകുപ്പ് ജണ്ട കെട്ടിത്തിരിച്ച് കൃഷി മുടക്കിയിരുന്നു.
പിന്നീട് ജനപ്രതിനിധികളടക്കം ഇടപെട്ടുകൊണ്ടാണ് കൃഷി നടത്താൻ അനുമതി നൽകിയത്. ഈ പാടത്ത് നൂറുമേനി വിളവാണ് ലഭിച്ചത്.
നിരവധി ആവശ്യങ്ങളാണ് ഇവിടത്തെ കർഷകർക്ക് അധികാരികൾക്ക് മുന്നിൽ വയ്ക്കാനുള്ളത്. അതിലൊന്ന് വരൾച്ച രൂക്ഷമാകുന്പോഴുള്ള ജല ദൗർലഭ്യത്തിന് പരിഹാരം കാണണമെന്നതാണ്.
കബനിനദിയിൽ ജലമുണ്ടെങ്കിൽ പോലും എല്ലാ കർഷകർക്കും ഉപയോഗപ്രദമാകും വിധത്തിൽ വെള്ളം പന്പ് ചെയ്യാനുള്ള സംവിധാനങ്ങൾ ഇപ്പോഴും ഇവിടെയില്ലെന്നതാണ് പ്രധാന പരിമിതിയായി ചൂണ്ടിക്കാട്ടുന്നത്.
പന്പ് ഹൗസിലേക്ക് വയലിന് നടുവിലൂടെയുള്ള റോഡിന്റെ സ്ഥിതി അതീവ ശോചനീയമാണ്. ഈ റോഡ് കോണ്ക്രീറ്റോ മറ്റോ ഇട്ട് ഗതാഗത യോഗ്യമാക്കണമെന്നതാണ് മറ്റൊരു ആവശ്യം.