ഒരേക്കറോളം വരുന്ന വയലിലാണ് ആലിങ്ങല്‍ സ്വാശ്രയസംഘം മുണ്ടകന്‍ കൃഷിയിറക്കിയത്. ഇന്നലെയായിരുന്നു കൊയ്ത്ത്.
പ്രദേശവാസികളായ 23 പേരാണ് സംഘത്തിലെ അംഗങ്ങള്‍. വിവിധ ജോലിക്കാരായ മുഴുവന്‍ പേരും നിലമൊരുക്കല്‍ മുതല്‍ കൊയ്ത്തു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിലമൊരുക്കാനും വളം വാങ്ങുന്നതിനുമെല്ലാമായി എണ്ണായിരം രൂപയോളം ചെലവുവന്നതായി ഇവര്‍ പറഞ്ഞു. കൊയ്തെടുത്ത നെല്ല് വീതിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്.
കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയുമൊക്കെ ഉള്‍പ്പെടുത്തി പരമ്പരാഗത രീതിയില്‍ പുത്തരിആഘോഷം സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
പി. പ്രകാശന് പ്രസിഡന്റും കെ.എം. സത്യന് സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് സംഘത്തെ നയിക്കുന്നത്. ഈ വര്‍ഷം കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.