ചേര്‍ത്തല: അടുക്കളത്തോട്ടമെന്ന സങ്കല്പത്തില് തുടങ്ങിയ ശ്യാമളയുടെ പച്ചറികൃഷി ക്രമേണയെത്തിയത് 40 സെന്റില്‍ സര്‍വതും വിളയുന്ന മാതൃക കൃഷിയിടത്തിലേക്കാണ്. ഇവിടെ വിളയുന്നത് സര്‍വസാധാരണമായ ഇനങ്ങള്‍ മാത്രമല്ല ക്യാബേജും ബീറ്റ്റൂട്ടും ക്യാരറ്റും ഉള്‍പ്പെടെയാണ്. മണ്ണും കാലാവസ്ഥയും പ്രതികൂലമായാലും കരുതലോടെയുള്ള ഇടപെടലില്‍ അസാധ്യമെന്ന് കരുതുന്നതും സാധ്യമെന്ന് തെളിയിക്കുകയാണ് ഈ വനിതാ കര്‍ഷക.
ചേര്‍ത്തല മുനിസിപ്പല്‍ 18–ാം വാര്‍ഡില്‍ ഭാനു നിവാസില്‍ ഭാസ്കരന്റെ ഭാര്യയാണ് ശ്യാമള. ഗള്‍ഫിലെ ഒമ്പതാണ്ട് നീണ്ട പ്രവാസ ജീവിതം കഴിഞ്ഞെത്തിയ ഭാസ്കരന്റെ സംതൃപ്ത കുടുംബം ഏഴുവര്‍ഷം മുമ്പാണ് ജൈവകൃഷിയിലേക്ക് പ്രവേശിച്ചത്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ അടുക്കളത്തോട്ടത്തില്‍ വിളയിക്കുന്നതിലൂടെയാണ് തുടക്കം. അതിലെ വിജയം വിപുലമായ കൃഷിയിലേക്ക് എത്തിച്ചു. ഇരുനില വീടിന്റെ അങ്കണത്തിലെ പുരയിടം മുഴുവന്‍ പച്ചക്കറിത്തോട്ടമാക്കി. ചീരയും വഴുതനയും മുതല്‍ ക്യാബേജും ക്യാരറ്റും ഉള്‍പ്പെടെയുള്ള സര്‍വതും ഇവിടെ സമൃദ്ധമായി വിളയുന്നു.
കരപ്പുറത്ത് അസാധ്യമെന്ന് കരുതുന്ന വിളകളും ജാഗ്രതയോടെയുള്ള പ്രയത്നത്തിലൂടെ വിളയിക്കാമെന്ന് തെളിയിച്ചതിലൂടെ തികഞ്ഞ അഭിമാനബോധമാണ് ഈ ദമ്പതികള്‍ക്കുള്ളത്. ഗ്രോബാഗിലാണ് എല്ലായിനങ്ങളും നട്ടുവളര്‍ത്തുന്നത്. നാലുവശവും മതില്ക്കെട്ടോടെയുള്ള വീട്ടുവളപ്പില്‍ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നതാണ് ഗ്രോബാഗിനെ ആശ്രയിക്കാന്‍ കാരണം. 1500ല്‍പരം ബാഗുകളിലാണ് വിവിധയിനങ്ങളുടെ കൃഷി.
ശ്യാമളയും ഭര്‍ത്താവും ചേര്‍ന്നാണ് കാര്‍ഷികവൃത്തി പൂര്‍ണമായും നിര്‍വഹിക്കുന്നത്. എല്ലുപൊടിയും ചാണകവും കോഴിവളവും ഉള്‍പ്പെടെ ജൈവവളം മാത്രമാണ് ഉപയോഗിക്കുക. ദിവസേന രണ്ടുനേരം വെള്ളമൊഴിക്കും.വീട്ടുപയോഗത്തിന് ശേഷമുള്ള വിളകള്‍ കഞ്ഞിക്കുഴി പിഡിഎസിനാണ് നല്‍കുക. ഇതിനകം മികച്ച കൃഷിക്കാരിക്കുള്ള നിരവധി പുരസ്കാരങ്ങള്‍ ശ്യാമളയ്ക്ക് ലഭിച്ചു. തികഞ്ഞ ആത്മസംതൃപ്തിയാണ് പച്ചക്കറികൃഷിയിലൂടെ ലഭിക്കുന്നതെന്ന് ശ്യാമളയും ഭാസ്കരനും പറഞ്ഞു.