കൊല്ലം :കുളക്കട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിതാ തൊഴില്‍ സേനാംഗങ്ങള്‍ക്കായി നെല്‍കൃഷി പരിശീലനം ആരംഭിച്ചു.പുത്തൂര്‍ കണിയാംപൊയ്ക ഏലായില്‍ നടന്ന പരിശീലനവും ഞാറ് നടീലും വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രകുമാരി ഉദ്ഘാടനം ചെയ്തു. യന്ത്രവല്‍കൃത നെല്‍കൃഷി വികസന പദ്ധതിയായ മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജനയുടെ ഭാഗമായാണ് പരിശീലനം.
നെല്‍കൃഷി മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ പദ്ധതി വഴി സാധിക്കും. കൂടാതെ സ്ത്രീകള്‍ക്കു യന്ത്രവല്‍കൃത കൃഷിരീതികളില്‍ പ്രാവീണ്യം നേടി മികച്ചൊരു സ്ഥിരവരുമാനം കണ്ടെത്താനും കഴിയുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ഒരു ഏക്കര്‍ തരിശുപാടം ഏറ്റെടുത്താണ് നെല്‍കൃഷി നടത്തുന്നത്. ഇതിന്റെ ഭാഗമായി മാതൃക പച്ചക്കറി തോട്ടവും ഒരുക്കും.
തൊഴില്‍ സേനാംഗങ്ങള്‍ക്ക് യന്ത്രമുപയോഗിച്ചുള്ള തെങ്ങ് കയറ്റത്തിലും പരിശീലനം നല്‍കും. എം കെ എസ് പി പാലക്കാട് ഫെഡറേഷനില്‍ നിന്നെത്തിയ പരിശീലകയുടെ നേതൃത്വത്തിലാണ് യന്ത്രവല്‍കൃത നെല്‍കൃഷിയില്‍ പരിശീലനം നല്‍കുന്നത്.കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് ആര് രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം ആര് രശ്മി, മെമ്പര്‍മാരായ പി ആര് അബു, കോട്ടയ്ക്കല്‍ രാജു, വി ആര്‍ദ്ര, പൂവറ്റൂര്‍ സുരേന്ദ്രന്, എം കെ എസ് പി ഈസ്റ്റ് ഫെഡറേഷന്റെ സി ഇ ഒ സി.എഫ്. മെല്വിന്, മുരളി എം. പിള്ള, പി എസ് ദീപ, ആര് ജയപ്രകാശ്, എം ജി എന്‍ ആര് ജി എസ്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍, തൊഴില്‍ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.