മംഗലംഡാം: കടപ്പാറ മൂര്‍ത്തിക്കുന്നില്‍ ആദിവാസികള്‍ക്കു ഭൂമി നല്കുന്നതു സംബന്ധിച്ച് മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായഭിന്നതയും മുന്നണി ബന്ധങ്ങള്‍ തമ്മിലുള്ള വിള്ളലുകളും നിലനില്‌ക്കേ മൂര്‍ത്തിക്കുന്നില്‍ വനഭൂമി കൈയേറി ആദിവാസികള്‍ കൃഷിയിറക്കിയ വിളകളുടെ വിളവെടുപ്പു കഴിഞ്ഞദിവസം നടന്നു.മുന്‍മന്ത്രി വി.സി.കബീറിന്റെ നേതൃത്വത്തിലായിരുന്നു കപ്പ, ചേമ്പ്, പച്ചക്കറികള്‍ തുടങ്ങിയവയുടെ വിളവെടുപ്പ് നടന്നത്.
കപ്പകൃഷിയില്‍ റെക്കോര്‍ഡ് വിളവുണ്ടായെന്ന് ആദിവാസികള്‍ പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ.ചന്ദ്രന്‍, പ്രമോദ് തണ്ടലോട്, വാര്‍ഡ് മെംബര്‍ ബെന്നി ജോസഫ് എന്നിവര്‍ക്കൊപ്പം ഊരുമൂപ്പന്‍ വേലായുധനും വിളവെടുപ്പിനു നേതൃത്വം നല്കി.കൈയേറിയ ഒന്നരയേക്കര്‍ സ്ഥലത്താണ് കപ്പയും മറ്റു വിളകളും കൃഷിചെയ്തിട്ടുള്ളത്. ആദിവാസികള്‍ക്ക് ഭൂമി നല്കുന്നതു സംബന്ധിച്ച് സിപിഐ, സിപിഎം മന്ത്രിമാര്‍ രണ്ടുതട്ടിലാണ്.
പട്ടികവര്‍ഗ മന്ത്രി എ.കെ.ബാലന്‍ ഭൂമി നല്കണമെന്ന് വാദിക്കുമ്പോള്‍ സിപിഐയിലെ വനം, റവന്യൂ മന്ത്രിമാര്‍ ഭൂമിവിതരണത്തിനു തടസം നില്്ക്കുന്നെന്നാണ് പറയുന്നത്.നടപടിയെടുക്കേണ്ടവര്‍ തന്നെ പരസ്പരം പഴിചാരി ഭൂമി വിതരണം കബളിപ്പിക്കലാകുമോയെന്ന ആശങ്കയുമുണ്ട്.ഭൂമിക്കായുള്ള ആദിവാസികളുടെ ഭൂസമരം ഈമാസം 15ന് ഒരുവര്‍ഷം തികയും.