മുക്കം: പഠനത്തിൽ മാത്രമല്ല പാഠ്യേതര രംഗത്തും എ പ്ലസ് നേടാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുട്ടി കർഷകൻ. കക്കാട് പാറമ്മൽ അസീൽ മുഹമ്മദ് എന്ന ഏഴാം ക്ലാസുകാരനാണ് കാർഷിക വൃത്തിയിൽ മികച്ച വിജയം കൈവരിച്ചത്. സ്കൂളിൽ അധ്യാപകരെന്ന പോലെ വീട്ടിൽ മുതിർന്നവരും രക്ഷിതാക്കളും മാർഗനിർദേശം നൽകി കൂടെക്കൂടിയപ്പോൾ ഈ കൊച്ചുമിടുക്കന്റെ കൃഷിയും പടർന്നുപന്തലിച്ചു.
കൃഷിക്ക് ആവശ്യമായ വെളിച്ചം ലഭിക്കുന്ന സ്ഥലം ഇല്ലാത്തതിനാൽ പുതിയ വീട് നിർമ്മിക്കാൻ കെട്ടിയ തറയും വീട്ടുമുറ്റവുമൊക്കെയാണ് കൃഷിയിടമാക്കിയത്. കക്കിരി, വെണ്ട, പയർ, ചീര, കുന്പളം, തക്കാളി, പാവയ്ക്ക എന്നിവയാണ് കൃഷി ചെയ്തത്. പ്രധാന ആകർഷകമായ കോവക്ക വീട്ടുമുറ്റത്ത് പന്തൽ പോലെ പടർന്നു പന്തലിച്ചു.
മുഴുവൻ പച്ചക്കറിയിലും മികച്ച വിളവ് തന്നെ ലഭിച്ചു. വരുമാന മാർഗമല്ല, കൃഷിയിലെ സംതൃപ്തിയാണ് പ്രധാനമെന്ന് അസീൽ പറയുന്നു. മാസങ്ങളായി വീട്ടാവശ്യത്തിനുള്ള പച്ചക്കറി അസീലിന്റെ കൃഷിതോട്ടത്തിൽനിന്ന് ലഭിക്കുന്നു.പൂർണമായും ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
സ്കൂൾ ദിവസങ്ങളിൽ വൈകുന്നേരവും ഒഴിവു ദിവസങ്ങളിൽ രാവിലെയും വൈകീട്ടും കൃഷി പരിപാലനത്തിന് നീക്കിവയ്ക്കും.നെല്ലിക്കാപറന്പ് ഗ്രീൻവാലി പബ്ലിക് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായ അസീൽ മുഹമ്മദ് കെ.ടി.ഖമർ ബാനുവിന്റെയും മുഹമ്മദ് കക്കാടിന്റെയുംമകനാണ്.