മണ്ണുത്തി: കേരളത്തിൽനിന്നുള്ള രണ്ടു കർഷകർക്കുകൂടി ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്കാരം. ഇടുക്കി കാഞ്ചിയാർ സ്വദേശി ടി.ടി.തോമസ്, പാലക്കാട് അഗളി സ്വദേശിയായ റെജി ജോസഫ് എന്നിവരാണ് 2015ലെ പുരസ്കാര ജേതാക്കൾ. ഒന്നര ലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് അവാർഡ്. കേരള കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് ഈ കർഷകരെ നാമനിർദേശം ചെയ്തത്.
വ്യത്യസ്തമായ നാടൻ കുരുമുളകിനം കണ്ടെത്തി സംരക്ഷിക്കുകയും ഗവേഷണാവശ്യങ്ങൾക്കു പങ്കുവയ്ക്കുകയും ചെയ്തതിനാണ് 76കാരനായ തോമസിനെ തേടി പുരസ്കാരമെത്തിയത്. മറ്റു പല കണ്ടെത്തലുകളും തോമസിന്റെ പേരിലുണ്ട്. തെക്കൻ കുരുമുളകെന്നു തോമസ് തന്നെ പേരിട്ട ഇനത്തെ നാടൻ ഇനങ്ങൾക്കു വേണ്ടിയുള്ള തെരച്ചിലിനിടയിലാണ് ഇടുക്കി കാടുകൾക്കിടയിൽനിന്നു കണ്ടെത്തിയത്. സാധാരണ കുരുമുളക് ഇനങ്ങളിലെല്ലാം ഒരു ഞെട്ടിൽ ഒരു കുല വീതം ഉണ്ടാകുമ്പോൾ തോമസ് കണ്ടെത്തിയ ഇനത്തിൽ പലകുലകളായി പൊട്ടിവിരിയുന്ന കുരുമുളകാണുള്ളത്.
ഇങ്ങനെയുണ്ടാകുന്ന കുലകളിൽ നാനൂറ് മണികൾ വരെ കാണാം. സാധാരണ ഇനങ്ങളിൽ ഒരു വള്ളിയിൽ എണ്പത് മണികൾ വരെയാണ് കാണപ്പെടുക. സാധാരണ ഇനങ്ങൾ ഒരു വള്ളിയിൽനിന്ന് ഒരു കിലോഗ്രാം മുതൽ ഒന്നര കിലോഗ്രാം വരെ കുരുമുളക് തരുമ്പോൾ തോമസിന്റെ തെക്കൻ കുരുമുളക് ഇനം നാലു കിലോഗ്രാം വരെ തരുന്നു.
കാർഷിക സർവകലാശാലയും ഇന്ത്യൻ സുഗന്ധവിള ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും ഈ ഇനത്തെപ്പറ്റി പഠനങ്ങൾ നടത്തുകയും ഈ ഇനം കൂടുതൽ ഉത്പാദന ക്ഷമതയും കീടപ്രതിരോധ ശക്തിയും ഉള്ളതാണെന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഏലത്തെ ബാധിക്കുന്ന നീമാ വിരകളെ നിയന്ത്രിക്കുന്നതിനു കാട്ടുജാതിക്കയിൽനിന്നുള്ള മരുന്നുൾപ്പെടെ ജൈവോപാധികൾ വികസിപ്പിച്ച തോമസ് ദ്രുതവാട്ടത്തിനെ പ്രതിരോധിക്കാൻ നാടൻ കുരുമുളകിനങ്ങൾ കാട്ടിനങ്ങളിൽ ഗ്രാഫ്റ്റ് ചെയ്യുന്ന രീതിയുടെയും, ജയന്റ് ഗൗരാമി മത്സ്യത്തിന്റെ പ്രജനനം വർഷം മുഴുവൻ സാധ്യമാക്കുന്ന രീതിയുടെയും ഉപജ്ഞാതാവു കൂടിയാണ്.
പുരസ്കാര ജേതാവായ അഗളി സ്വദേശി റെജി ജോസഫ് അമൂല്യമായ ഒൗഷധ ചെടികൾക്കൊപ്പം 22 ഇനം നെല്ലിമരങ്ങൾ പരിപാലിക്കുന്നുണ്ട്. കൂടാതെ അഗളിയിലെ തോട്ടത്തിൽ അപൂർവ ഇനം ആടുകളെയും പരിരക്ഷിക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ലിക്ക ഉത്പാദിക്കുന്ന കർഷകൻ കൂടിയാണ് റെജി. ജൈവകൃഷി സങ്കേതങ്ങൾ മാത്രം അവലംബിക്കുന്ന ഇദ്ദേഹത്തിന്റെ തോട്ടത്തിലെ നെല്ലിക്ക പ്രത്യേക ഗുണമുള്ളതാണെന്നു കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ, 2013ലെ നേട്ടങ്ങൾക്ക് ഏഴു മലയാളികൾക്കും 2014ലെ മികവിന് നാലു മലയാളികൾക്കും പുരസ്കാരം ലഭിച്ചിരുന്നു. ഈ മാസം 19നു ബിഹാറിലെ ചമ്പാരനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിംഗ് പുരസ്കാരങ്ങൾ വിതരണം ചെയ്യും. സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെൽ കോ-ഓർഡിനേറ്റർ ഡോ. സി.ആർ. എൽസിയും വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രനും കർഷകർക്കൊപ്പം ചടങ്ങിൽ പങ്കെടുക്കും.